ഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം നിര്‍ജീവ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി ആദായനികുതി വിഭാഗത്തിന്റെ കണ്ടെത്തല്‍. 200-ല്‍ അധികം നിര്‍ജീവ കമ്പനികളിലൂടെ കോടികള്‍ വെളുപ്പിച്ചതായാണ് സൂചന ലഭിച്ചിരിക്കുന്നത്.
ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാണ് എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആദായനികുതി വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളുടെ സാമ്പത്തിക ഉറവിടത്തെ സംബന്ധിച്ചും കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചവരെ സംബന്ധിച്ചും ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്. അടുത്തിടെ ഡല്‍ഹിയില്‍ അറസ്റ്റിലായ അഭിഭാഷകന് രോഹിത് ടണ്ഠന് തന്റെ നിര്‍ജീവ കമ്പനിയിലൂടെ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതേസമയം നോട്ട് അസാധുവാക്കലിനുശേഷം ആരംഭിച്ച ചെറുകിട കമ്പനികളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇത്തരം കമ്പനികളിലൂടെയും ഈ കമ്പനികളുമായി ബന്ധപ്പെടുന്നവരിലുടെയും നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിച്ചുവരികയാണ്.
നേരത്തെ, ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 10.26 ലക്ഷം കമ്പനികളില്‍ ഒന്നരലക്ഷത്തിനടുത്ത് കമ്പനികള്‍, പണമിടപാടുകള്‍ക്കു മാത്രമായുള്ള നിര്‍ജീവ കമ്പനികളാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post