പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി തുടങ്ങുന്ന പുതിയ ചാനല്‍ റിപ്പബ്ലികിന്റെ ഭാഗമാകാന്‍ ഒരുങ്ങി ഏഷ്യാനെറ്റിന്റെ ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും. റിപ്പബ്ലിക് എന്നുപേരിട്ട പുതിയ ചാനലിലേക്കായി 30 കോടിയില്‍ അധികം രൂപയാണ് ബിജെപി നേതാവും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നിക്ഷേപിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നിക്ഷേപത്തിന്റെ തുടര്‍ച്ചയായാണ് ന്യൂസെബിള്‍ റിപ്പബ്ലികിന്റെ ഭാഗമാകുന്നത്.
റിപ്പബ്ലികിന്റെ മുംബൈയിലെ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ന്യൂസെബിള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റിടങ്ങളിലെ റിപ്പബ്ലികിന്റെ ഓഫീസുകളോട് ചേര്‍ന്ന് തന്നെ ഇതും പ്രവര്‍ത്തിച്ചേക്കും. നിലവില്‍ റിപ്പബ്ലികിന്റെ പൊതുപരിപാടികളോടൊപ്പം ന്യൂസെബിളിന്റെ ലോഗോ ഉപയോഗിക്കുന്നുണ്ട്. ഇതു കൂടാതെ വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് സ്ഥാപനങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റെര്‍ടെയിന്‍മെന്റ് എന്ന ഒറ്റ സ്ഥാപനത്തിലേക്ക് മാറ്റാനുള്ള തീരുമാനവും രാജീവ് ചന്ദ്രശേഖര്‍ എടുത്തിട്ടുണ്ടെന്ന് ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗഌരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും.
ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നും രാജിവെച്ചതിനുശേഷം കഴിഞ്ഞ നവംബറിലാണ് അര്‍ണാബ് പുതിയ ചാനലിനുളള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. പിന്നാലെ എആര്‍ജി ഔട്ട്‌ലിയറിന്റെ എംഡിയായി അര്‍ണബ് ചുമതലയേറ്റു. എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് റിപ്പബ്ലിക് ചാനല്‍ ആരംഭിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് പുറമെ അര്‍ണാബിന്റെയും ഭാര്യയുടെയും കമ്പനിയടക്കം 14ഓളം പേരാണ് പുതിയ ചാനലിനായി നിക്ഷേപമിറക്കിയിരിക്കുന്നത്. അര്‍ണാബ് ഗോസ്വാമിയും ഭാര്യ സമയബ്രതാ റായ് ഗോസ്വാമിയും ഡയറക്ടര്‍മാരായ സാര്‍ഗ് മീഡിയയുടെ റിപ്പബ്ലിക്കിലുളള നിക്ഷേപം 26 കോടിയാണ്. മോഹന്‍ദാസ് പൈയുടെ ആരിന്‍ ക്യാപിറ്റല്‍ പാട്‌ണേഴ്‌സ് ഏഴരക്കോടിയും മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സിസ്റ്റിയൂട്ട് തലവനായ രമാകാന്ത് പാണ്ഡെ അഞ്ചുകോടിയും നിക്ഷേപിച്ചിട്ടുണ്ട്. ഹേമേന്ദ്ര കോത്താരി, റ്റിവിഎസ് ടയേഴ്‌സിന്റെ നരേഷ്, റിനൈസന്‍സ് ജുവലറിയുടെ ഉടമ നിരഞ്ജന്‍ ഷാ എന്നിങ്ങനെ നിരവധി പേരും പുതിയ ചാനലിനായി നിക്ഷേപമിറക്കിയിട്ടുണ്ട്.
സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാദത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. ‘നേഷന്‍ വാണ്ട്‌സ് ടു നോ’ എന്ന അര്‍ണബിന്റെ പരാമര്‍ശമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത്.
Discussion about this post