പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ ഔഷധ സ്റ്റോറുകളെ അനുകരിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ക്കായി ജനറിക്ക് സ്റ്റോറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സ്കീം ബിജെപി രാഷ്ട്രീയ മുതലെടുപ്പിനു ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
അതേസമയം ഏറെ ജനോപകാരപ്രദമെന്ന് വിലയിരുത്തപ്പെട്ട കേന്ദ്ര പദ്ധതി അട്ടിമറിക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം എന്ന ആക്ഷേപവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്ന വസ്തുത നിലനില്‍ക്കെയാണ് കേന്ദ്രത്തിന് ബദലൊരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം,
കേരളത്തിന്റെ ജനറിക് സ്റ്റോറുകള്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി ജനങ്ങളിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് ഫാര്‍മസികളില്‍ കേരള ജനറിക്സ് എന്ന പേരില്‍ വില്പനയ്ക്ക് പ്രത്യേക വിഭാഗം തുടങ്ങും. . പൈലറ്റ് പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ 54 കാരുണ്യ ഫാര്‍മസികളിലും ജനറിക് വിഭാഗം തുടങ്ങുമെന്ന് കെ.എം.സി.എല്‍ അധിക്യതര്‍ പറയുന്നു. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ജനറിക് സ്റ്റോര്‍ വഴി 50 മുതല്‍ 70 ശതമാനം വിലക്കുറവില്‍ വിതരണം ചെയ്യാനാണ് കെഎംസിഎല്‍ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ ജനറിക് നാമത്തില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക.
കാരുണ്യ സ്റ്റോറുകള്‍ വഴി ജനറിക് മരുന്നുകള്‍ വില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ ക്ഷേമത്തിനായി തുടങ്ങിയ പദ്ധതി അട്ടിമറിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കാരുണ്യയില്‍ ജനറിക് വിഭാഗം തുടങ്ങുന്നതെന്നാണ് കെഎംസിഎല്‍ അധിക്യതരുടെ ന്യായീകരണം.
കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ ഔഷധ പദ്ധതി പ്രകാരം നോഡല്‍ ഏജന്‍സിയായ ബി.പി.പി.എസ്.യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത 550 സ്റ്റോറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം നിലവില്‍ കേരളത്തില്‍ 140 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 170 സ്റ്റോറുകള്‍ കൂടി ഉടന്‍ തുടങ്ങും. പദ്ധതിക്കായി ബി.പി.പിഎസ്.യുവും പൊതുമേഖലാ കമ്പനികളില്‍ നിന്നാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. സംസ്ഥാനസര്‍ക്കാരും ഇവിടെ നിന്ന് മരുന്നുകള്‍ ശേഖരിക്കുന്നതോടെ കേന്ദ്രപദ്ധതി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Discussion about this post