തിരുവനന്തപുരം: സി.പി.ഐ. മന്ത്രിമാര്‍ക്കെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തേക്ക്. സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരേ പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടന്നു. പാര്‍ട്ടി ദേശീയകൗണ്‍സില്‍ അംഗവും മുന്‍മന്ത്രിയുമായ സി. ദിവാകരനാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. ഇതും ഭിന്നതയുടെ ആഴം ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് വരള്‍ച്ചയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ പോരായ്മ ചൂണ്ടിക്കാട്ടിയും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ധര്‍ണ. ജില്ലയില്‍ നിന്നുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. റവന്യൂവകുപ്പിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും സര്‍ക്കാര്‍ നിലവില്‍ എടുത്തിരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് നേതാക്കള്‍ പ്രസംഗിച്ചു. പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് രണ്ടു മന്ത്രിമാരെയെങ്കിലും മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. മന്ത്രിമാര്‍ക്കെതിരേ കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യുട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിമര്‍ശമുയര്‍ന്നിരുന്നു. നാലുമന്ത്രിമാര്‍ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിക്കായി നിലകൊള്ളാനാവുന്നില്ലെന്നുമായിരുന്നു വിമര്‍ശം.
കെ.ഇ. ഇസ്മയില്‍-കാനം രാജേന്ദ്രന് പോരിന്റെ ഭാഗമായായിരുന്നു ആരോപണങ്ങള്‍. ഇസ്മയിലിനെ മറികടന്നാണ് സംസ്ഥാന സെക്രട്ടറിയായി കാനത്തിന്റെ വരവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാനത്തോട് ആഭിമുഖ്യമുള്ളവരാണ് കൂടുതലായും സ്ഥാനാര്ഥികളായത്. ഭരണം ലഭിച്ചപ്പോള്‍ ഇസ്മയിലിനൊപ്പം നില്ക്കുന്നവര് പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് തഴയപ്പെടുന്നതായും പരാതി ഉയര്‍ന്നു. ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങള്‍ വീതംവെച്ചപ്പോള്‍ ഇസ്മയില്പക്ഷത്തുനിന്ന് കാര്യമായി ആരും പരിഗണിക്കപ്പെട്ടില്ല. ഈ പക്ഷത്തെ പ്രമുഖനായ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍. ചന്ദ്രന് താരതമ്യേന പ്രാധാന്യം കുറഞ്ഞ നാളികേര വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനമാണ് ലഭിച്ചത്.
സ്വന്തം പാര്ട്ടിക്കാര് തന്നെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനെത്തിയതില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് വിവരം. വരള്‍ച്ച ചെറുക്കാനുള്ള പല നടപടികളും ഇതിനോടകം എടുത്തിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. മുഖ്യമന്ത്രി ഒരുതവണയും റവന്യൂമന്ത്രി പലവട്ടവും ഉന്നതോദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗം വിളിച്ച് നടപടികള്‍ക്ക് രൂപംനല്കി. ഇതിനിടെയാണ് സി.പി.ഐ. തന്നെ സര്‍ക്കാരിനെതിരേ സമരവുമായി രംഗത്തെത്തിയതെന്നാണ് റവന്യൂമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.
Discussion about this post