തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജിയെ ഒഴിവാക്കി ഇഎംഎസ് പ്രതിമ ഉള്‍പ്പെടുത്തി നിയമസഭയുടെ വജ്രജൂബിലി ആഘോഷ നോട്ടിസിന്റെ കവര്‍ പേജ് തയ്യാറാക്കിയത് വിവാദമാകുന്നു. രക്തസാക്ഷി ദിനാചരണത്തിനു ഇറക്കിയ ഉത്തരവില്‍ നിന്നു മഹാത്മാ ഗാന്ധിയെ പുറത്താക്കിയതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ നടപടി. നിയമസഭാ മന്ദിരത്തിന്റെ മുന്‍വശത്തുനിന്നുള്ള ചിത്രമെടുക്കുന്നതിനു പകരം, നിയമസഭാ വളപ്പിനു പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടുംവിധം ചിത്രമെടുത്ത് നോട്ടിസ് തയാറാക്കിയതാണു വിവാദമാകുന്നത്.
നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നു ചിത്രമെടുത്താല്‍ ഗാന്ധിജിയുടെ കൂറ്റന്‍ പ്രതിമ ഒഴിവാകില്ല. എന്നാല്‍ ഗാന്ധിജിയുടെയും ഡോ. ബി.ആര്.അംബേദ്കറുടെയും നെഹ്റുവിന്റെയും പ്രതിമ ഒഴിവാക്കി നിയമസഭാ വളപ്പിനു പുറത്ത്, നഗരസഭാ സ്ഥലത്തു മരങ്ങളാല്‍ ചുറ്റപ്പെട്ടു നില്ക്കുന്ന ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് ജൂബിലി നോട്ടിസില്‍ ചേര്‍ത്തിരിക്കുന്നത്. അടുത്ത 30ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും രാവിലെ 11-നു രണ്ടു മിനിറ്റ് മൗനം ആചരിച്ചു രക്തസാക്ഷി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍, അന്നു ഗാന്ധിജിയുടെ ചരമ ദിനമാണെന്ന പരാമര്‍ശം ഇല്ലാതിരുന്നതു വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന് ബലി കഴിച്ചവരുടെ സ്മരണയ്ക്കായി മൗനം ആചരിക്കണമെന്നു മാത്രമേ ഉത്തരവിലുള്ളൂ.
ഗാന്ധിജിയെ ഒഴിവാക്കുന്നതു ഗൂഢ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഗാന്ധിജിയെ ഒഴിവാക്കി ജൂബിലി നോട്ടിസ് ഇറക്കിയതോടെ കേരള സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയറ്റും ഗാന്ധി നിന്ദ നടത്തിയിരിക്കുകയാണെന്നു കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന് കുറ്റപ്പെടുത്തി.
Discussion about this post