ഡല്‍ഹി: പ്രധാനമന്ത്രിയുടെ കള്ളപ്പണത്തിനെതിരെയുള്ള നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ച് മുസ്ളിം പണ്ഡിത സംഘം. ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനത്തെയും മുസ്ളിം പണ്ഡിത സംഘം അഭിനന്ദിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്നും സംഘം അഭിപ്രായപ്പെട്ടു. ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിച്ചതിന് സൗദി സര്‍ക്കാരിനും അതിന് വേണ്ടി പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാരിനും പണ്ഡിത സംഘം അഭിനന്ദനം അറിയിച്ചു.
കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള നടപടികള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരമാണെന്നും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുമെന്നും അവര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച പണ്ഡിത സംഘം സ്വച്ഛഭാരത് പദ്ധതിയെയും പ്രശംസിച്ചു. തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ യുവസമൂഹത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ഭീകരതയെ പ്രതിരോധിക്കാന്‍ തക്ക ശക്തിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യത്തെ യഥാവിധി പരിപോഷിപ്പിക്കാന്‍ നാമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും സാങ്കേതിക നൈപുണ്യത്തിനുമുള്ള പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ആള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് ഇമാംസ് ഓഫ് മോസ്ക്സ് മേധാവി ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി, അലിഗര്‍ മുസ്ളിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ, ജാമിയ മിലിയ ഇസ്ളാമിയ വൈസ് ചാന്‍സലര്‍ തലാത് അഹമ്മദ്, ഉറുദു മാദ്ധ്യമ പ്രവര്ത്തകന് ഷാഹിദ് സിദ്ദിഖി, സുപ്രീം കോടതി മുന്‍ ജഡ്ജി എം വൈ ഇഖ്ബാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
കേന്ദ്രമന്ത്രിമാരായ മുക്തര്‍ അബ്ബാസ് നഖ്വിയും എം ജെ അക്ബറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post