തിരുവനന്തപുരം: പുറ്റിങ്ങല്‍ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നളിനി നൊറ്റോയുടെ കത്ത്. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പോലീസിന്റെ 9 വീഴ്ചകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയും റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി തിരുത്തല്‍ വരുത്തിയെന്നുമുള്ള പൊതു താല്പര്യ ഹര്‍ജി കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയുമാണ് നളിനി നെറ്റോയുടെ കത്ത്.
ജില്ലാ ഭരണകൂടം വിലക്കിയ വെടിക്കെട്ടിന് എങ്ങനെ പോലീസ് അനുമതി നല്കി, ആരാണ് പോലീസിന് ഇതിന് നിര്‍ദേശം നല്‍കിയത്, പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആര് എന്നൊക്കെയുള്ള കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഡിജിപി നേരിട്ട് നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് കത്ത് ഡിജിപിക്ക് നല്‍കിയത്.
കേസില്‍ പോലീസുദ്യോഗസ്ഥരെ പ്രതിച്ചേര്ക്കേണ്ടതില്ലെന്നും വകുപ്പു നടപടികള്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള ചില പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശത്തിനിടയിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടി.പി സെന്‍കുമാറും നളിനി നെറ്റോയും രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു.
2016 ഏപ്രില്‍ 10ന് പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 111 പേര് മരിക്കുകയും മൂന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മത്സര കമ്പം നടത്തിയെതെന്നാണ് കണ്ടെത്തിയിരുന്നത്.
Discussion about this post