ഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ഐ.ഡി.ബി.ഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. ഐഡിബിഐ മുന്‍ സിഎഫ്ഓ എ രഘുനാഥന്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഒ.വി.ബുന്ദെല്ലു, ഉദ്യോഗസ്ഥരായ എസ്.കെ.വി. ശ്രീനിവാസന്‍,ആര്‍.എസ്.ശ്രീധര്‍, കിങ് ഫിഷര്‍ എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവുകളായ ഷൈലേഷ് ബോര്‍കര്‍, എ.സി.ഷാ, അമിത് നട്കര്‍ണി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
അറസ്റ്റിന് പിന്നാലെ അഗര്‍വാള്‍, രഘുനാഥന്‍ എന്നിവരുടെ വസതികളിലും ബംഗളൂരു യു.ബി ടവറിലെ മൂന്ന് നിലകളിലായുള്ള മല്യയുടെ വസതിയിലുമുള്‍പ്പെടെ പതിനൊന്നിടങ്ങളില്‍ സി.ബി.ഐ റെയ്ഡും നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള പദ്ധതിയിലാണ് സി.ബി.ഐ. മല്യയ്‌ക്കെതിരായ ഏറ്റവും ശക്തമായ നീക്കമാണ് സി.ബി.ഐ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
2009-ലാണ് ഐ.ഡി.ബി.ഐ ബാങ്ക് വിജയ് മല്യക്ക് വായ്പ നല്‍കിയത്. ഈ പണം മല്യയും കൂട്ടരും വിദേശത്ത് ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post