തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍. പ്രശ്ന പരിഹാരത്തിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്ന നിലപാടില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉറച്ചുനിന്നതോടെയാണിത്.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് വിദ്യാഭ്യാസമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ലക്ഷ്മി നായരെ ഉടന്‍ മാറ്റുന്നകാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് ലഭിച്ചില്ല. ഇതോടെ സമരം തുടരുമെന്ന് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു.
പതിനഞ്ച് ദിവസത്തോളമായി ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിലായിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിവിധ വിദ്യാര്‍ഥികള്‍ നേരിട്ട് പരാതിയുമായി എത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെട്ടത്. എന്നാല്‍ രാജിവെക്കുക എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോസ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post