ഡല്‍ഹി: കേരള നിയമസഭയില്‍ നടന്ന അതിക്രമം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
അതേസമയം റിപ്പോര്‍ട്ടില്‍ നിയമസഭ പിരിച്ചുവിടുന്നതിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356 അനുച്ഛേദം പരാമര്‍ശിച്ചത് പലരും ചോദ്യം ചെയ്യുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച് കേരള നിയമസഭ പിരിച്ചുവിടണമെന്ന് ശുപാര്‍ശയില്ലെങ്കിലും ഗവര്‍ണറുടെ നടപടി സജീവ ചര്‍ച്ചയായിട്ടുണ്ട്.
ഗവര്‍ണറുടെ നടപടി തെറ്റെന്ന് വക്കം പുരുഷോത്തന്‍
ഗവര്‍ണറുടെ നടപടി തെറ്റെന്ന് മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി അധികാരം മറികടക്കുന്നതാണ്.നിയമസഭയിലെ ബഹളം ഇത്രവലിയ കാര്യമാണോ എന്നും വക്കം പുരുഷോത്തമന്‍ ചോദിച്ചു.
ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ കാര്യമില്ലെന്ന് രമേശ് ചെന്നിത്തല
നിയമസഭയിലെ സംഘര്‍ഷം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗവര്‍ണര്‍ റിപ്പോര്‍ട്ട് അയക്കുന്നത് സ്വഭാവിക നടപടി മാത്രമാണ്. അതില്‍ വലിയ പ്രാധാന്യമില്ല.
പ്രതിപക്ഷ ആക്രമണത്തില്‍ നിയമസഭക്കുള്ളില്‍ അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. അതുകൊണ്ടാണ് സഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍നടപടിയെന്ന നിലയില്‍ അന്വേഷണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
അക്രമസംഭവങ്ങളില്‍ സി.പി.എം നേതാക്കള്‍ മാപ്പു പറയണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണരുടെ നടപടി അവഗണിക്കേണ്ടെന്ന് പിണറായി വിജയന്‍
നിയമസഭയിലെ സംഘര്‍ഷങ്ങളെകുറിച്ചുള്ള ഗവര്‍ണറുടെ നടപടിയെ അവഗണിക്കേണ്ടതില്ലെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. ബി.ജെ.പി നോമിനി എന്ന നിലയില്‍ ഗവര്‍ണറുടെ നടപടിയെ വിലയിരുത്തേണ്ട. 356ാം വകുപ്പ് പ്രകാരമുള്ള ഗവര്‍ണറുടെ നടപടി പ്രസക്തമാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post