തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്ച്യുതാനന്ദന്‍ വീണ്ടും റവന്യുമന്ത്രിക്ക് കത്ത് നല്‍കി. ആ ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് സംശയമുണ്ട്. അത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സംശയം ദുരികരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ ലോ അക്കാദമി നടത്തുന്ന ഫഌറ്റ് കച്ചവടം പരിശോധിക്കണമെന്നും വിഎസ് വ്യക്തമാക്കുന്നു. ആദ്യം നല്‍കിയ കത്ത് പ്രകാരം അന്വേഷണം നടത്തിയ റവന്യുമന്ത്രിയെ വിഎസ് അഭിനന്ദിക്കുകയും ചെയ്തു.
വിഎസ് നല്‍കിയ കത്ത്പ്രകാരം നടത്തിയ അന്വേഷണത്തില്‍ ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കണണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദേശം. നിയമവകുപ്പുമായി ആലോചിച്ചിട്ടായിരിക്കണം നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ബാങ്കും ഒഴിപ്പിക്കണമെന്നും കെട്ടിടം കളക്ടര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതും ആ ഭൂമിയില്‍ നടന്നിട്ടുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് അച്യുതാന്ദന്‍ റവന്യുമന്ത്രിക്ക് ആദ്യം കത്ത് നല്‍കിയിരുന്നത്. വിഎം സുധീരനും എഐവൈഎഫ് അടക്കമുള്ള യുവജനവിദ്യാര്‍ത്ഥി സംഘടനകളും അന്വേഷണം നടത്തണമെന്നും ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എംഎന്‍ ഗോവിന്ദന്‍ നായര്‍ കൃഷി മന്ത്രിയായിരിക്കേ ലോ അക്കാദമിക്ക് ഭൂമി നല്‍കുകയും കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ ഉടമസ്ഥാവകാശം നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി ഹോട്ടല്‍, ഫഌറ്റ് നിര്‍മ്മാണം ഇവയ്ക്ക് ഉപയോഗിച്ചു എന്നാണ് ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ക്കെതിരായും ലക്ഷ്മി നായര്‍ക്കും എതിരെയും ഉയര്‍ന്ന പരാതികളിലൊന്ന്. നേരത്തെ ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ പിണറായിയുടെ നിലപാട് തെറ്റാണെന്ന് പറഞ്ഞ് വിഎസും എത്തിയിരുന്നു.
Discussion about this post