കൊല്ലം: പിഡിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരായ തീവ്രവാദ കേസ് അട്ടിമറിച്ച സംഭവത്തില്‍ എസ്.ഐ യെ സസ്പെന്റ് ചെയ്തു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി.ശ്രീകുമാറിനെയാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സസ്പെന്റ് ചെയ്തു ജനുവരി 31 ന് ഉത്തരവിറക്കിയത്.
1992-ല്‍ ശ്രീകുമാര്‍ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ കോണ്സ്റ്റബിളായിരിക്കവെ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്ത കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം പ്രകാരം മഅ്ദനിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ശ്രീകുമാര്‍ വിചാരണ വേളയില്‍ പ്രതിയെ അറിയില്ലെന്ന നിലപാട് കോടതിയില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മഅ്ദനിയെ കേസില്‍ നിന്ന് കുറ്റ വിമുക്തനാക്കിയെങ്കിലും ഈ സംഭവത്തില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത്തരം ആള്ക്കാര് സേനയ്ക്ക് അപമാനമാണെന്ന വിമര്‍ശനമാണ് കോടതി പറഞ്ഞത്. കൂറുമാറിയ ശ്രീകുമാറിനെതിരെയും ഗൗരവമേറിയ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു.
ഇതു സംബന്ധിച്ച് കൊല്ലം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജനുവരി 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ശ്രീകുമാര്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറിയായിരുന്നു. ദീര്‍ഘാവധിയില്‍ അനുമതിയില്ലാതെ ശ്രീകുമാര്‍ നേരത്തെ വിദേശത്ത് പോയത് സേനയില്‍ വലിയ ചര്‍ച്ചയായെങ്കിലും ഉന്നതങ്ങളില്‍ നിന്നും സംരക്ഷണം ലഭിച്ചു വരികയായിരുന്നു. ശ്രീകുമാറിന് പാസ്പോര്ട്ടില്ലെന്ന വിവരമാണ് അന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ച ആളിന് കിട്ടിയ മറുപടി.
Discussion about this post