ചെന്നൈ: ശശികലയ്ക്ക് വീണ്ടും തിരിച്ചടി. പിന്തുണ ഉറപ്പാക്കാന്‍ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ഇരുപതോളം പേര്‍ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായി സൂചന. നിലവില്‍ ഏഴ് എംഎല്‍എമാരാണ് പരസ്യമായി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍സെല്‍വം വിഭാഗം ആരോപിച്ചിരുന്നു. ഡിംഎംകെ സഖ്യത്തിന്റെ പിന്തുണയ്‌ക്കൊപ്പം 11 എംഎല്‍എമാര്‍ കൂടി ശശികല ക്യാംപില്‍നിന്ന് കൂറുമാറിയാല്‍ പനീര്‍സെല്‍വത്തിന് സഭയില്‍ വിശ്വാസവോട്ടു നേടാവുന്നതേയുള്ളൂ.
അതിനിടെ, ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ ഇന്നും തുടരുകയാണ്. മൂന്ന് എംപിമാര്‍ കൂടി കൂടുമാറി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി. മരുതരാജ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീര്‍സെല്‍വം ക്യാംപിലെത്തിയത്. ഇതോടെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം ഏഴായി. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍.വനറോജ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റ് ലോക്‌സഭാംഗങ്ങള്‍.
Discussion about this post