കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചീമേനി കിഴക്കേക്കര സ്വദേശി കെ.കമലാക്ഷന്‍ (44) ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് വീട് നിര്‍മാണത്തിനുള്ള സഹായധന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്.
പത്ത് വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കമലാക്ഷന്‍ കുറേ വര്‍ഷം കിടപ്പിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇന്ദിര ആവാസ് യോജന പ്രകാരമുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സഹായധനം ലഭിക്കുമെന്ന ഉറപ്പില്‍ താമസിച്ചിരുന്ന പഴയ വീട് പൊളിച്ചുനീക്കി. പുതിയ വീടിന് തറയും പണിതു. എന്നാല്‍ പിന്നീട് പദ്ധതി മാറിയതിനാല്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. പശുവിനായി പണിത തൊഴുത്തിലാണ് ഇപ്പോള്‍ കമലാക്ഷന്റെ കുടുംബം കഴിയുന്നത്. ഭാര്യ ബീന കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താംതരത്തിലും പ്ലസ് വണ്ണിലും പഠിക്കുന്ന കീര്‍ത്തിയും കാവ്യയുമാണ് മക്കള്‍.
2015-16 വര്‍ഷത്തിലെ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരമുള്ള ലിസ്റ്റില്‍ കമലാക്ഷന്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പുതുതായി വന്ന പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാലാണ് സഹായധനം ലഭിക്കാന്‍ വൈകിയതെന്ന് അധികൃതര്‍ പറയുന്നു.
Discussion about this post