തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗതമാര്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍-തിരുവല്ല റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗമോ, എംസി റോഡ്/ എന്‍എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം.
സീസണ് സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്.
അതേസമയം ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് ആംരംഭിക്കുന്ന വിമാനത്താവളം എരുമേലിയിലാണ് നിര്‍മിക്കുകയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
Discussion about this post