ശ്രീഹരിക്കോട്ട: പാകിസ്ഥാന് ഒഴികെയുള്ള സാര്‍ക് രാജ്യങ്ങള്‍ക്കായുള്ള ഉപഗ്രഹം മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് എ.എസ്. കിരണ്‍കുമാര്‍. 2014 മാര്‍ച്ചില്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാര്‍ക് ഉപഗ്രഹം പ്രഖ്യാപിച്ചത്. പിന്നീട് പാകിസ്ഥാന് പിന്മാറിയതോടെ സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റായി ഇതുമാറി. 104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിജയകരമായി വിക്ഷേപിക്കാനായതിലൂടെ അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണരംഗത്ത് ഐ.എസ്.ആര്.ഒ.യ്ക്ക് പുതുചരിത്രമെഴുതാനായെന്ന് കിരണ്‍കുമാര്‍ പറഞ്ഞു.
ശ്രമകരമായ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഐ.എസ്.ആര്.ഒ.യ്ക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇതെന്ന് പി.എസ്.എല്‍.വി. സി 37 പ്രോജക്ട് ഡയറക്ടര്‍ ബി. ജയകുമാര്‍, സതീഷ് ധവാന് സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ കെ. ശിവന് എന്നിവര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍, ഇസ്റോ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് എന്നിവിടങ്ങളിലാണ് ദൗത്യത്തിന്റെ ആസൂത്രണവും പി.എസ്.എല്‍.വി. സി 37ന്റെ രൂപകല്പനയും പൂര്‍ത്തിയാക്കിയത്. ചരിത്രദൗത്യത്തില്‍ വിജയിച്ച ഐ.എസ്.ആര്.ഒ.യെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.
Discussion about this post