ഇണയെ കണ്ടെത്തുന്നതും പുതിയ ജീവിതം ആരംഭിക്കുന്നതും ലോകത്ത് എല്ലാ ജീവിവർഗങ്ങളിലും സാധാരണയായി സംഭവിക്കുന്ന ഒന്നാണ്. എന്നാൽ വിവാഹ മോചനം എന്നത് മനുഷ്യർക്കിടയിലുണ്ടാവുന്ന ഒന്നാണെന്നാണ് വെപ്പ്. എന്നാൽ കോടതികളുടെയോ നാട്ടുകൂട്ടങ്ങളുടേയോ സഹായമില്ലാതെ ഇണകൾക്കിടയിലെ വേർപിരിയൽ എല്ലാ ജീവികളിലും നടക്കുന്നുണ്ട്. പക്ഷേ ഈ ഇടയായി പക്ഷികളിൽ വേർപിരിപിരിയൽ വർദ്ധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.ഇതിനുള്ള കാരണങ്ങളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
പക്ഷിനിരീക്ഷകരുടെ അഭിപ്രായത്തിൽ ഇവിടെ വിവാഹമോചനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു ബ്രീഡിംഗ് ജോഡിയിലെ രണ്ട് അംഗങ്ങളും അടുത്ത ബ്രീഡിംഗ് സീസൺ വരെ ജീവിച്ചിരിക്കുകയും എന്നാൽ അവ ഒരുമിച്ച് ജീവിതം നയിക്കാതെ പുതിയ പങ്കാളിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു പ്രജനന കാലം കഴിഞ്ഞാൽ പക്ഷികൾ അവയുടെ പങ്കാളിയെ മാറ്റുന്നു എന്ന് ലളിതമായി പറയാം. റോയൽ സൊസൈറ്റി ബി ജേണലിലാണ് രസകരമായ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 232 പക്ഷികളിലാണ് പഠനം നടത്തിയത്.
ഏകദേശം 90 ശതമാനം പക്ഷി ഇനങ്ങളും ജീവിതകാലം മുഴുവൻ ഒരു ഇണയോടൊപ്പം താമസിക്കാൻ താത്പര്യപ്പെടുന്നവരാണ്. എന്നാൽ ഈയിടെയായി പക്ഷികൾക്കിടയിൽ സംഭവിക്കുന്ന ബ്രേക്ക്അപ്പുകൾക്ക് പല കാരണങ്ങളുണ്ട്. മരണനിരക്കും കുടിയേറ്റവുമാണ് അവയിൽ പ്രധാനം. കൂട് വിട്ട് ദൂരസ്ഥലങ്ങളിലേക്ക് പങ്കാളികളിലൊരാൾ കുടിയേറ്റത്തിനായി പോകുന്നത് പക്ഷികൾ മറ്റൊരു ഇണയെ ആ സമയം കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. മറ്റൊന്ന് പലവിധ കാരണങ്ങളാൽ പങ്കാളികളിലൊന്ന് മരണപ്പെടുന്നു. ചില പക്ഷികൾ പങ്കാളികളിൽ പൂർണമായും തൃപ്തരല്ലാത്തതും പ്രത്യുൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഇണയെ തേടിപ്പോകുന്നു. മറ്റൊന്ന് പ്രജനന കാലം എത്തുമ്പോൾ താമസസ്ഥലത്തേക്ക് ആദ്യം എത്തിച്ചേരുന്ന പക്ഷി, ആദ്യ ഇണയെ കാത്ത് നിൽക്കാതെ മറ്റൊന്നുമായി ഇണ ചേരുന്നതും വേർപിരിയലിന് കാരണമാകുന്നു. ദേശാടന പക്ഷികൾ വ്യത്യസ്ത ബ്രീഡിംഗ് സൈറ്റുകളിൽ ആയിപ്പോകുന്നതും വേർപിരിയലിന് കാരണമാകുന്നുണ്ട്.









Discussion about this post