ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിപ്രഖ്യാപനം വെറും പിആര്‍ സ്റ്റണ്ടിന്റെ ഭാഗമാണെന്ന് ബിജെപി. തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് ഭരണം നടത്താനാണ് ശ്രമമെന്ന് വ്യക്തമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എഎന്‍ഐയോട് പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുമെന്ന് മനസിലാക്കിയാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഇത് കേജ്രിവാളിന്റെ പിആര്‍ സ്റ്റണ്ടാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ താന്‍ സത്യസന്ധനായ നേതാവല്ലെന്നും അഴിമതിക്കാരനായ നേതാവാണെന്നും കെജ്രിവാള്‍ മനസ്സിലാക്കി. ആം ആദ്മി പാര്‍ട്ടി അഴിമതി നിറഞ്ഞ പാര്‍ട്ടിയായി രാജ്യമെമ്പാടും അറിയപ്പെടും. പ്രതിച്ഛായ വീണ്ടെടുക്കാനാണ് കേജ്രിവാളിന്റെ ആഗ്രഹം. മന്‍മോഹന്‍ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് ഭരണംനടത്തിയ സോണിയ ഗാന്ധിയുടെ മോഡല്‍ പ്രയോഗിക്കാനാണ് ഉദ്ദേശ്യം, ഭണ്ഡാരി വ്യക്തമാക്കി.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് താന്‍ രണ്ടുദിവസത്തിനകം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേജ്രിവാള്‍ ഞായറാഴ്ച പ്രഖ്യാപിച്ചത്.
തനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയില്‍നിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കേജ്രിവാള്‍ പറഞ്ഞു. ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് സൂചനയുണ്ട്.
Discussion about this post