തിരുവനന്തപുരം: യുവജന കമ്മീഷനായി സർക്കാരിനോട് അധിക തുക ആവശ്യപ്പെട്ട് അദ്ധ്യക്ഷ ചിന്ത ജെറോം. 27 ലക്ഷം രൂപയാണ് ചിന്ത ജെറോം അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
ശമ്പളവും ആനുകൂല്യവും നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിനോട് അധിക തുക ആവശ്യപ്പെട്ടത്. നൽകാനുള്ള ശമ്പള കുടിശ്ശികയുൾപ്പെടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടര ലക്ഷം രൂപ ശമ്പള കുടിശ്ശിക ഇനത്തിൽ കിട്ടാനുണ്ടെന്നും അത് എത്രയും വേഗം നൽകണമെന്നുമാണ് ചിന്ത ജെറോം ആവശ്യപ്പെട്ടത്.
യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 2022-23 ബജറ്റിൽ 76 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അധിക തുക ആവശ്യപ്പെട്ട് യുവജന കമ്മീഷൻ സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഒൻപത് ലക്ഷം രൂപ അധികമായി നൽകിയിരുന്നു. ഇതിന് പുറമേയാണ് 27 ലക്ഷം രൂപ കമ്മീഷൻ ആവശ്യപ്പെട്ടതും 18 ലക്ഷം രൂപ അനുവദിച്ചതും.
നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിനുള്ളത്. ഇതിനിടെയാണ് യുവജന കമ്മീഷന് അധിക തുക അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post