എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുൻപിൽ. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിൽ മൊഴി നൽകാൻ എത്തിയത്. മാദ്ധ്യമങ്ങളെ കൈവീശി കാണിച്ച് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം അകത്തേയ്ക്ക് പോയത്.
10.30 ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ നിർദ്ദേശിച്ചതിലും നേരത്തെയാണ് അദ്ദേഹം ഇഡി ഓഫീസിൽ എത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള കരാറുകളിൽ ഏർപ്പെടുന്ന സമയത്ത് സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്‌സ് ആപ്പ് ചാറ്റിൽ രവീന്ദ്രനെക്കുറിച്ച് പരാമർശമുണ്ട്. അഴിമതി രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടക്കുന്നത് എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സംഭാഷണം. ഇതിന് പുറമേ അഴിമതിയിൽ രവീന്ദ്രന് പങ്കുണ്ടെന്നും അതിനാൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
രണ്ടാം തവണ നോട്ടീസ് നൽകിയതിന് ശേഷമാണ് രവീന്ദ്രൻ ഇഡിയ്ക്ക് മുൻപിൽ ഹാജരായിരിക്കുന്നത്. നേരത്തെ നോട്ടീസ് നൽകിയപ്പോൾ നിയമസഭാ സമ്മേളനത്തിന്റെ പേര് പറഞ്ഞ് രവീന്ദ്രൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇതോടെയാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.












