11 വര്‍ഷമായി ഒരേ കിടപ്പില്‍ കിടക്കുന്ന ഏക മകന് വേണ്ടി ദയാവധം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വൃദ്ധ ദമ്പതിമാര്‍. അവനെ ഇനി പോകാനനുവദിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ ‘വളരെ വളരെ കഠിനം’ എന്നല്ലാതെ പരമോന്നത കോടതിക്ക് അതിനെ വിശേഷിപ്പിക്കാന്‍ സാധിച്ചില്ല.
ഹരിയാന സ്വദേശിയായ 62കാരന്‍ അശോക് റാണയും ഭാര്യ 55കാരി നിര്‍മല ദേവിയുമാണ് 30 വയസുള്ള മകന്‍ ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് 2013ല്‍ മൊഹാലിയില്‍ സിവില്‍ എന്‍ജിനീയറിങ് പഠിക്കവെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണാണ് ഗുരുതരമായി പരുക്കേറ്റത്. പരിക്കിന്റെ ഫലമായി ശരീരം പൂര്‍ണമായി തളര്‍ന്നു. എന്നാല്‍ തളരാതെ ഇരുവരും മകനെ പഴയ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ പോരാടി, പരമാവധി ചികില്‍സ നല്‍കി
എന്നാല്‍ മാറ്റമൊന്നുമുണ്ടായില്ല. ചികില്‍സാ ചെലവ് താങ്ങാനാകാതെയായി, ആരോഗ്യനിലയില്‍ പുരോഗതിയെന്ന പ്രതീക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് അവര്‍ നിഷ്‌ക്രിയ ദയാവധമെന്ന തീരുമാനമെടുത്തത്.
‘വളരെ വളരെ കഠിനമായ കേസ്’ (”This is a very, very hard case’) എന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹര്‍ജി പരിഗണിച്ചത്. ദയാവധത്തിനു പകരം ചികിത്സയ്ക്കും പരിചരണത്തിനുമായി രോഗിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കോ സമാനമായ മറ്റെവിടേക്കുമെങ്കിലോ മാറ്റാനുള്ള സാധ്യത പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വൃക്തമാക്കി. കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണവും തേടി.
ജീവന്‍ നിലനിര്‍ത്താനാവശ്യമായ ചികില്‍സയോ ഉപകരണങ്ങളുടെ പ്രവര്‍ത്തനമോ അവസാനിപ്പിച്ച് രോഗിയെ മരണത്തിന് വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം എന്നാല്‍ പൈപ്പിലൂടെയാണ് ഭക്ഷണം നല്‍കുന്നതെന്നൊഴിച്ചാല്‍ ഹരീഷ് റാണയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററോ മറ്റ് ഉപകരണങ്ങളുടെ പിന്തുണയോ ആവശ്യമില്ല, അതിനാല്‍ ഈ കേസ് നിഷ്‌ക്രിയ ദയാവധത്തിന്‍രെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു.
Discussion about this post