ഓര്‍ഡര്‍ ചെയ്ത ട്രെക്കിങ് ട്രൗസര്‍ നല്‍കാത്തതിനെ തുടര്‍ന്ന് സ്പോര്‍ട്സ് ഉപകരണ റീട്ടെയില്‍ ശൃംഖലയായ ഡെക്കാത്ലോണിനെതിരെ നടപടി. ഉപഭോക്താവിന് 35,000 രൂപ നല്‍കണമെന്ന് കര്‍ണാടകയിലെ ഉപഭോക്തൃ കോടതി. മംഗളൂരു നിവാസിയായ 23 കാരനായ മോഹിത്താണ് താന്‍ ഓര്‍ഡര്‍ ചെയ്ത ട്രൗസര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
മോഹിത്തിന്റെ പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഫോര്‍ക്ലാസ് ട്രെക്കിംഗ് ട്രൗസറായ എം.ടി-500 വാങ്ങുന്നതിനെക്കുറിച്ച് ഡെക്കാത്ലോണ്‍ പ്രതിനിധികളുമായി സംസാരിച്ചു. എന്നാല്‍ ഉല്‍പ്പന്നം ബെംഗളൂരുവിലെ ഇ.ടി.എ മാളിലെ ചെയിന്‍ സ്റ്റോറില്‍ മാത്രമേ ലഭ്യമാകൂ എന്ന് അറിയിക്കുകയും എക്സിക്യൂട്ടീവുകള്‍ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മോഹിത്ത് ഓണ്‍ലൈനായി 1,399 രൂപ അടച്ചെങ്കിലും ഉല്‍പ്പന്നം ലഭിച്ചില്ല. ഇ.ടി.എ മാളിലെ ഡെക്കാത്ലോണ്‍ സ്റ്റോറിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഉല്‍പ്പന്നം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഫെബ്രുവരി ആറിന് ഇ.ടി.എ മാളിലെ ഷോറൂമില്‍ നേരിട്ടെത്തിയ മോഹിത്തിന് പണം തിരികെ നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പു തന്നിരുന്നു. എന്നാല്‍ പിന്നീട് കമ്പനിയെ നിരവധി തവണ ബന്ധപ്പെട്ടിട്ടും പണം തിരികെ ലഭിച്ചില്ല.
ഏപ്രില്‍ 9ന് മോഹിത് വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ഇടിഎ മാളിലെ സ്റ്റോര്‍ പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ ഡെക്കാത്ലോണിന് നോട്ടീസ് അയച്ചെങ്കിലും ഇവര്‍ ഹാജരായില്ല.
തുടര്‍ന്നാണ് കോടതി ഉപഭോക്താവിന് 35,000 രൂപ ഡെക്കാത്ലോണ്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന വിധി പുറപ്പെടുവിച്ചത്. സേവനത്തില്‍ വരുത്തിയ വിഴ്ചക്ക് 25,000 രൂപയും കോടതി ചെലവിനായി 10,000 രൂപയുമാണ് നല്‍കേണ്ടത്.
Discussion about this post