അടുക്കളയില്‍ അധിക ശ്രദ്ധ ലഭിക്കാതെ ഇരിക്കുന്ന ഒരു അപകടമാണ്. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് സ്‌ക്രബര്‍. എന്നാല്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ഇതേ സ്‌ക്രബര്‍ നിങ്ങളെ രോഗിയാക്കുമെന്ന് അറിയാമോ. സ്‌ക്രബറിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യം തീര്‍ച്ചയായും നശിപ്പിക്കും.
പാത്രങ്ങള്‍ കഴുകി നനച്ചു അലക്ഷ്യമായി സൂക്ഷിക്കുന്ന ഇത്തരം സ്‌ക്രബറുകള്‍ നനവും ആഹാരഅവശിഷ്ടങ്ങളും ഉള്ളതിനാല്‍ മാരകമായ നിരവധി ബാക്ടീരിയകളുടെ പ്രധാന വാസസ്ഥലങ്ങളാണ്. ഇവ അടുത്ത പാത്രം കഴുകുന്നതോടെ പാത്രങ്ങളില്‍ പടരുകയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു.
നേച്ചര്‍ കെമിക്കല്‍ ബയോളജി അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ച് സ്‌ക്രബറുകളില്‍ കഴിയുന്ന അണുക്കളുടെ ഭയാനകമായ നിരക്ക് എടുത്തുകാട്ടിയിരുന്നു. ഇത് ടോയ്ലറ്റ് ബൗളുകളേക്കാള്‍ വലുതും അപകടങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ ഏതാണ് 54 ദശലക്ഷം ബാക്ടീരികള്‍ വസിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അപ്പോള്‍ ഒരു സ്‌പോഞ്ചില്‍ കോടിക്കണക്കിന് ഇത്തരം ബാക്ടീരിയകളാണ് വസിക്കുന്നത്.
കൂടാതെ, ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ നടത്തിയ മറ്റൊരു ഗവേഷണത്തില്‍ ഇത്തരം സ്‌പോഞ്ച് സ്‌ക്രബറുകളുടെ ഘടന സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് വിശദീകരിക്കുന്നു. ഇത്തരം ബാക്ടീരിയകള്‍ മൂലം മെനിഞ്ചൈറ്റിസ്, ന്യുമോണിയ, പനി, വയറിളക്കം തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കാം.
കാംപിലോബാക്റ്റര്‍
നന്നായി വേവിക്കാത്ത ചിക്കന്‍, പാസ്ചറൈസ് ചെയ്യാത്ത പാല്‍, മലിനമായ ഭക്ഷണം എന്നിവയില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് ‘കാംപിലോബാക്റ്റര്‍’ ബാക്ടീരിയ. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ആന്തരാവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു
ഇ.കോളി
ഇ കോളി സാധാരണ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടാണ് ഇവ കാണപ്പെടുന്നത്. വയറുവേദന, രക്തരൂക്ഷിതമായ വയറിളക്കം, മാരകമായ സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍, വൃക്ക തകരാര്‍, രക്തരൂക്ഷിതമായ മലം, അപകടകരമായ ത്രോംബോസൈറ്റോപീനിയ തുടങ്ങിയ ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ക്കും ഇത് കാരണമായേക്കാം.
ക്ലെബ്‌സിയെല്ല
ഇത് കുടലില്‍ വസിക്കുകയും രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ന്യുമോണിയ, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ നിരവധി അണുബാധകളുണ്ടാക്കുന്നത് ഈ ബാക്ടീരിയയാണ്.
Discussion about this post