ചെന്നൈ: സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വീട്ടു ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് തങ്ങളാണെന്ന് ഇരുവരും പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി. വെങ്കടിന്റെ സഹായത്തോടെയായിരുന്നു ഈശ്വരി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു്. ആഭരണങ്ങൾ വിറ്റ പണം കൊണ്ട് ഇവർ ആഢംബര ജീവിതം നയിക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ചെന്നൈയിൽ ഇരുവരും ചേർന്ന് വീടും വാങ്ങിയിട്ടുണ്ട്. ഈ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 പവൻ സ്വർണവും, 30 ഗ്രാം വജ്രാഭരണങ്ങളും, നാല് കിലോ വെള്ളിയും കണ്ടെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആഭരണങ്ങൾ കാണാനില്ലെന്ന് കാട്ടി ഐശ്വര്യ തെയ്‌നാംപേട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. വീട്ടു ജോലിക്കാരെയാണ് സംശയിക്കുന്നത് എന്നും പരാതിയിൽ സംവിധായിക വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ജോലിക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഇരുവരും പിടിയിലായത്. ചെന്നൈയിലെ പോയസ് ഗാർഡനിലെ വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. 60 പവന്റെ സ്വർണാഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവയായിരുന്നു മോഷണം പോയത്. ഇതിൽ സ്വർണാഭരണങ്ങൾ വിവാഹ ആഭരണങ്ങളാണ്. 2019 ൽ സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിനായിരുന്നു ഈ ആഭരണങ്ങൾ അവസാനമായി ധരിച്ചത്.
താൻ ഇല്ലാത്ത സമയത്ത് ഈശ്വരിയും വെങ്കടും അടിക്കടി വീട്ടിൽ എത്താറുണ്ടായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ഇത് നിരവധി തവണ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമാക്കിയിരുന്നില്ല. സ്വർണം നഷ്ടപ്പെട്ടതോടെയാണ് ഇവർ എത്തിയിരുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് വ്യക്തമായത് എന്നും പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 18 വർഷമായി ഈശ്വരി ഐശ്വര്യയുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്.
Discussion about this post