കോഴിക്കോട്: ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യകാല ലേഖകനും ജനസംഘം-ബിജെപി പ്രവർത്തകനുമായിരുന്ന വെള്ളിപറമ്പ് തലാഞ്ചേരി വീട്ടിൽ പി.ടി. ഉണ്ണിമാധവൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ ട്രഷറർ ആയി പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തന രംഗത്തെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ദീർഘനാളത്തെ മാദ്ധ്യമപ്രവർത്തന കാലത്ത് ദേശീയതയെ മുറുകെ പിടിച്ച് സത്യസന്ധമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഉണ്ണിമാധവൻ നായരെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, കെ.ജി. മാരാരുടെ നേതൃത്വത്തിൽ നടന്ന വാളയാർ ചെക്പോസ്റ്റ് സമരം എന്നിവിടങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച പി.ടി. ഉണ്ണിമാധവൻ നായർ ജനപക്ഷത്ത് ഉറച്ചുനിന്ന പോരാളിയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനസംഘം സംസ്ഥാന ഓഫീസിന്റെ സെക്രട്ടറിയും ബിജെപിയുടെ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post