പാലക്കാട്: കഞ്ചിക്കോടിന് സമീപം പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. രാവിലെയോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല.
ഉച്ചത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടെ ആയിരുന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. സിലിണ്ടറിൽ തീ കണ്ടതോടെ ഹോട്ടലിനുള്ളിൽ നിന്നും ജീവനക്കാർ പുറത്തേക്ക് ഓടി. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സിലിണ്ടറിൽ നിന്നുള്ള തീ കെട്ടിടമാകെ വ്യാപിച്ചിരുന്നു. കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ 200 മീറ്റർ അകലെയുള്ള പറമ്പിലേക്ക് വരെ തെറിച്ചിരുന്നു.
അപകടത്തിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സാരമായ കേടുപാടുകൾ ഉണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള ട്രാക്ടർ ഏജൻസിയുടെ ഓഫീസിനും കേടുപാടുകൾ സംഭവിച്ചു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് അപകടത്തിൽ ഉണ്ടായത് എന്നാണ് നിഗമനം.












