ജപ്പാന്‍ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജ്യത്ത് വിവാഹിതരാകുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയും കുട്ടികളുടെ ജനനനിരക്കില്‍ വലിയ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ജാപ്പനീസ് ഭരണകൂടം. എന്നാല്‍, സര്‍ക്കാര്‍ നടപ്പിലാക്കിയ ആദ്യ പദ്ധതി തന്നെ രാജ്യവ്യാപകമായി ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ നഗരത്തിലെ സ്ത്രീകള്‍ക്ക് 600,000 യെന്‍ (US$4,200) വരെ പ്രോത്സാഹനമായി നല്‍കാനായിരുന്നൂ ജാപ്പനീസ് ഗവര്‍മെന്റിന്റെ പദ്ധതി.
രാജ്യത്ത് 90 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിവാഹങ്ങള്‍ നടന്ന വര്‍ഷമായാണ് പോയ വര്‍ഷത്തെ ജപ്പാനിലെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ വിശേഷിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 500,000 -ല്‍ താഴെ വിവാഹങ്ങള്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം നടന്നത്. ജീവിത പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ജപ്പാനിലെ ചെറുപ്പക്കാര്‍ വിമുഖത കാണിക്കുകയാണെന്നും അതുകൊണ്ടുതന്നെ വിവാഹം, കുട്ടികള്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം യുവാക്കള്‍ക്കിടയില്‍ കുറഞ്ഞു വരികയാണെന്നുമാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ജപ്പാന്റെ 2023 ലെ പോപ്പുലേഷന്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമങ്ങളില്‍ നിന്ന് ടോക്കിയോയിലേക്ക് മാറി താമസിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ മാറ്റം ഗ്രാമപ്രദേശങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ പലതും വിജനമായി തുടങ്ങി എന്നും ജനസംഖ്യാ കുറവ് കാരണം പല സ്‌കൂളുകളും ആശുപത്രികളും അടച്ചു പൂട്ടേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പരിഹാരം എന്ന രീതിയിലാണ് ഗ്രാമീണ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ തയ്യാറാക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ടോക്കിയോയിലെ 23 മുനിസിപ്പാലിറ്റികളില്‍ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ അവിവാഹിതരായ സ്ത്രീകള്‍ക്കാണ് ഈ പദ്ധതി പ്രകാരം വിവാഹത്തിന് തയ്യാറായാല്‍ പണം ലഭിക്കുക. എന്നാല്‍ രാജ്യത്തുടനീളം വലിയ വിമര്‍ശനങ്ങളാണ് പദ്ധതിയുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ഇതോടെയാണ് ആഗസ്റ്റ് 30 -ന് സര്‍ക്കാര്‍ താല്‍ക്കാലികമായി ഈ പദ്ധതി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.
Discussion about this post