ജറുസലം: വടക്കന്‍ ഇസ്രയേലില്‍ ഇറാന്‍ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഒമാന്‍ കടലിടുക്കിലുള്ള യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റില്‍നിന്ന് ഒരു ഡസന്‍ എഫ്എ 18 പോര്‍വിമാനങ്ങള്‍ മധ്യപൂര്‍വദേശത്തെ യുഎസ് സൈനികത്താവളത്തിലേക്കു പറന്നിറങ്ങിയിരുന്നു. ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനു വേണ്ടത്ര സുരക്ഷ ഒരുക്കാനായാണിത്.
ഇതിനിടെ, വടക്കന്‍ ഗാസയിലെ രണ്ടു പട്ടണങ്ങളില്‍നിന്നും പലസ്തീന്‍കാരോട് പൂര്‍ണ്ണമായി ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തില്‍ ആദ്യഘട്ടത്തില്‍ ആക്രമിക്കപ്പെട്ട വടക്കന്‍ ഗാസയില്‍നിന്നു ഹമാസിനെ തുടച്ചുനീക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, യുദ്ധത്തില്‍ നാമാവശേഷമായ ബെയ്ത് ഹനൂന്‍, ബെയ്ത് ലാഹിയ എന്നീ പട്ടണങ്ങളില്‍നിന്നു ഹമാസിന്റെ റോക്കറ്റാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ അടിയന്തിര സൈനിക നീക്കം നടത്തുന്നത്.
പട്ടണങ്ങളിലുണ്ടായിരുന്നവരോട് മധ്യഗാസയിലേക്കു പോകാനാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, മധ്യഗാസയില്‍ ഹമാസിന്റെ ആയുധസംഭരണശാല തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
അതേസമയം, യുഎന്‍ കോടതിയില്‍ ഇസ്രയേലിനെതിരായ വംശഹത്യാക്കേസില്‍ കക്ഷിചേരാനായി തുര്‍ക്കിയും അപേക്ഷ നല്‍കാനൊരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷാവസാനം ദക്ഷിണാഫ്രിക്ക നല്‍കിയ കേസാണിത്.
Discussion about this post