ഛിന്നഗ്രഹ ഭാഗങ്ങളും ബഹിരാകാശത്തില്‍ നിന്ന് പൊടിപടലങ്ങളും ഭൗമാന്തരീക്ഷത്തില്‍ കടക്കുകയും അവ കത്തി പതിക്കുകയും ചെയ്യുന്നതിനെയാണ് ഉല്‍ക്ക മഴ എന്ന് പറയുന്നത്. പ്രാചീന കാലം മുതലേ അതായത് മനുഷ്യന്‍ ഉണ്ടാകുന്നതിന് മുമ്പ് മുതല്‍ തന്നെ ഇത്തരം അവശിഷ്ടങ്ങള്‍ പലപ്പോഴായി ഭൂമിയില്‍ പതിക്കാറുണ്ട്. ഇപ്പോഴിതാ പ്രകൃതിയില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തില്‍ നിന്ന് വ്യത്യസ്തമായി ചരിത്രത്തില്‍ ആദ്യമായി മനുഷ്യനിര്‍മിതമായ ഉല്‍ക്ക മഴ സംഭവിക്കാന്‍ പോവുന്നു.
നാസയുടെ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ദൗത്യത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങളാണ് ഇനി ഉല്‍ക്കാമഴയായി പതിക്കുന്നത്. ഭൂമിയ്ക്ക് ഭീഷണിയായി വരുന്ന ഛിന്നഗ്രഹങ്ങളില്‍ ബഹിരാകാശ പേടകം ഇടിച്ചിറക്കി അവയുടെ ഗതി മാറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിനായി രൂപകല്‍പന ചെയ്ത ദൗത്യമായിരുന്നു ഡാര്‍ട്ട്.
ഡൈമോര്‍ഫിസ് എന്ന ചെറു ഛിന്നഗ്രഹത്തിലാണ് ഡാര്‍ട്ട് പേടകം ഇടിച്ചിറക്കിയത്. ഇതിന്റെ ഫലമായി പാറ കഷ്ണങ്ങളും പൊടിപടലങ്ങളുമടങ്ങുന്ന 10 ലക്ഷത്തോളം കിലോഗ്രാം ഭാരം വരുന്ന വലിയ അളവിലുള്ള അവശിഷ്ടങ്ങള്‍ രൂപപ്പെട്ടിരുന്നു. 10 മുതല്‍ 30 വര്‍ഷക്കാലയളവില്‍ ഭൂമിയിലും ചൊവ്വയിലും പതിക്കുമെന്നാണ് കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഒരു നൂറ്റാണ്ടുകാലം ഈ ഉല്‍ക്കാ മഴ തുടരുമെന്നും ഗവേഷകര്‍ പറയുന്നു.
ധാന്യത്തിന്റെ വലിപ്പമുള്ള അവശിഷ്ടങ്ങള്‍ തുടങ്ങി സ്മാര്‍ട്ഫോണിനോളം വലിപ്പമുള്ളവയുമാണ് ഈ ഉല്‍ക്കകള്‍. വലിപ്പക്കുറവും കൂടിയ വേഗവും കാരണം അവ അന്തരീക്ഷത്തില്‍ വളരെ വേഗം കത്തിയമരും. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ലൈറ്റ് ഇറ്റാലിയന്‍ ക്യൂബ് സാറ്റ് ഫോര്‍ ഇമേജിങ് ഓഫ് ആസ്റ്ററോയിഡ്സ് (ലിസിയക്യൂബ്) എന്ന പേടകത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഉല്‍ക്കാമഴ പ്രവചനം നടത്തിയത്.
Discussion about this post