വാഷിംഗ്ടൺ : റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് വളരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുന്നത് റഷ്യയുടെ വ്യാപാര പങ്കാളികളാണെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും ഗ്യാസും വാങ്ങുന്നവരാണ് റഷ്യയുടെ പ്രധാന വ്യാപാര പങ്കാളികൾ എന്നും ട്രംപ് സൂചിപ്പിച്ചു.
ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടിയാകുന്ന ഒരു നീക്കത്തിനാണ് ട്രംപ് സർക്കാർ തയ്യാറെടുക്കുന്നത്. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ഏതൊരു രാജ്യത്തിനും റഷ്യയുമായി വ്യാപാരം നടത്തുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാക്കുന്ന ഒരു ബിൽ തന്റെ പാർട്ടി അവതരിപ്പിക്കാൻ പോകുകയാണെന്ന് ട്രംപ് പറഞ്ഞത്.
യുസ് ഇത്തരം ഒരു ഉപരോധം കൊണ്ടുവന്നാൽ ചൈന, ഇന്ത്യ, ഇറാൻ എന്നീ രാജ്യങ്ങളെയായിരിക്കും ഏറ്റവും അധികം ബാധിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ യുഎസ് ഇതിനകം തന്നെ അധിക തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, റഷ്യയുമായുള്ള വ്യാപാരം കൂടുതൽ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ-യൂറേഷ്യൻ സാമ്പത്തിക യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.









Discussion about this post