ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും 2900 കിലോഗ്രാം സ്ഫോടക വസ്തുക്കളുമായി നാല് ഡോക്ടർമാരെ പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് രാജ്യത്തെ വൈറ്റ് കോളർ ഭീകരവാദ ശൃംഖല പുറത്തുവന്നത്. ഇതിന് തൊട്ട് പിന്നാലെയാണ് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഇതേ വൈറ്റ് കോളർ ഭീകര ശൃംഖലയിലെ മറ്റൊരു ഡോക്ടർ ചാവേർ കാർ സ്ഫോടനം നടത്തിയത്. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എൻഐഎ ഇതുവരെ ഇരുനൂറിൽ അധികം പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
കസ്റ്റഡിയിലെടുത്ത 200ഓളം പേരിൽ പശ്ചിമബംഗാളിൽ നിന്നും ഹരിയാനയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഡോക്ടർമാർ ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. എന്നാൽ തീവ്രവാദ ശൃംഖലകളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മറ്റു നിരവധി പേർ ഇപ്പോഴും എൻഐഎ കസ്റ്റഡിയിലാണ്. മദ്രസകളിലെ ഇമാമുകൾ, ഡയഗ്നോസ്റ്റിക്സ് സെന്റർ ഉടമകൾ, അൽ-ഫലാഹ് സർവകലാശാലയിലെ നിലവിലുള്ളതും മുൻകാല വിദ്യാർത്ഥികളും സഹപ്രവർത്തകരും, ബിസിനസുകാർ എന്നിവർ ഉൾപ്പെടുന്നവരാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളത്.
അതേസമയം ഫരീദാബാദിൽ നിന്നും ജമ്മുകശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന നാല് ഡോക്ടർമാരുടെ സംഘത്തെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഡോക്ടർമാരായ
മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരാണ് അറസ്റ്റിലുള്ളത്.
ഇവർ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം), അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നീ ഭീകര സംഘടനകളുമായി ബന്ധം പ്പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അയോധ്യ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരമ്പര സ്ഫോടനങ്ങൾ നടത്താനായിരുന്നു ഡോക്ടർമാരുടെ സംഘം പദ്ധതി ഇട്ടിരുന്നത്. ഈ ഡോക്ടർമാരുടെ രണ്ട് വീടുകളിൽ നിന്നായി 2900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ആണ് കണ്ടെടുത്തിട്ടുള്ളത്. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ചില വളം ഫാക്ടറികളിൽ നിന്നും ആണ് തീവ്രവാദി ഡോക്ടർമാർ അമോണിയം നൈട്രേറ്റ് ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ഈ സ്ഫോടകവസ്തുക്കളുടെ ബാക്കി ഭാഗമായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറിൽ സ്ഫോടനത്തിനായി ഉപയോഗിച്ചിരുന്നത്.









Discussion about this post