ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധമുള്ള ജെയ്‌ഷെ മുഹമ്മദിന്റെ വൈറ്റ് കോളർ ഭീകര സംഘടന മറ്റൊരു ആക്രമണ പരമ്പര നടത്താൻ പദ്ധതിയിട്ടിരുന്നതായി വിവരം. ഫരീദാബാദിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്.
“ഓപ്പറേഷൻ ഡി-6” എന്ന രഹസ്യനാമത്തിലുള്ള ആക്രമണ പരമ്പര ഡിസംബർ 6 ന് നടത്താൻ പദ്ധിയിട്ടിരുന്നുവത്രേ. കാറിൽ ഘടിപ്പിക്കുന്ന സ്ഫോടകവസ്തു ഉപയോഗിച്ച് വലിയ തോതിലുള്ള ചാവേർ ആക്രമണം നടത്താൻ മൊഡ്യൂൾ പദ്ധതിയിട്ടിരുന്നുവെന്നും ആഴ്ചകളായി തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നുമാണ് കണ്ടെത്തൽ.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഡോക്ടർ ഷഹീൻ ഷഹീദും ഡൽഹി ചാവേറാക്രമണത്തിന് കാരണക്കാരനായ കൊല്ലപ്പെട്ട ഭീകരൻ ഉമറും ഗൂഢാലോചനയിലെ കേന്ദ്രബിന്ദുക്കളാണെന്ന് വ്യക്തമായി.നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മൊമൈനീനിന്റെ കീഴിൽ, ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം സ്ഥാപിക്കുന്നതിനും നയിക്കുന്നതിനുമുള്ള ചുമതല ഡോ. ഷഹീനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
ഡിസംബർ 6 ലെ ആക്രമണത്തിനായി ഫരീദാബാദിൽ ഗണ്യമായ അളവിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചുവച്ചിരുന്നു . ഫിദായീൻ ദൗത്യങ്ങൾക്കായി നിരവധി യുവാക്കളെ തയ്യാറാക്കാൻ ഉമർ ശ്രമിച്ചിരുന്നുവെന്നും അവരെ സജീവമായി ബ്രെയിൻ വാഷ് ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.അയാൾ ബന്ധപ്പെട്ടിരുന്ന വ്യക്തികളെക്കുറിച്ച് ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്, ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഷഹീനിൽ നിന്നും അറസ്റ്റിലായ മറ്റ് പ്രതികളിൽ നിന്നും കണ്ടെടുത്ത ഡയറികളിൽ നിന്നും “ഓപ്പറേഷൻ ഡി-6” മായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വിസ്തരിച്ചു. ഗൂഢാലോചനയിലെ എല്ലാ കണ്ണികളും കണ്ടെത്തുന്നതിനായി ഡൽഹി പോലീസ്, ജമ്മു & കശ്മീർ പോലീസ്, ഹരിയാന പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ച് അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുന്നു.









Discussion about this post