ജിദ്ദ : സൗദി അറേബ്യയിൽ പാസഞ്ചർ ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചു കയറി അപകടം. 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു. മക്കയിൽ നിന്ന് മദീനയിലേക്ക് ഇന്ത്യൻ ഉംറ തീർത്ഥാടകരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്, തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. അപകടം സംഭവിച്ച ഉടൻതന്നെ ബസ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്ത്യൻ ഉംറ തീർത്ഥാടകരിൽ ഭൂരിഭാഗവും ഹൈദരാബാദിൽ നിന്നുള്ളവരായിരുന്നു. മദീനയിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ദുഃഖം രേഖപ്പെടുത്തി. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്ത ഹൈദരാബാദ് നിവാസികളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒവൈസി പറഞ്ഞു. റിയാദ് എംബസിയുമായും അദ്ദേഹം ബന്ധപ്പെട്ടു.
മദീനയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മുഫ്രിയത്ത് പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉടൻ തന്നെ ബസ് പൊട്ടിത്തെറിച്ചതിനാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല.









Discussion about this post