ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായിമുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അനുയായികൾക്കായി ഹസീന ബംഗാളി ഭാഷയിൽ ഓഡിയോയും പുറത്തിറക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയ കേസിൽ നിർണായകമായ കോടതി വിധി വരാനിരിക്കെയാണ് ആരോപണങ്ങളുമായി ഹസീന രംഗത്തെത്തിയത്. വിധിയെക്കുറിച്ച് തനിക്ക് ഹസീന, താൽപ്പര്യമില്ലെന്ന് പറഞ്ഞു. 78 കാരിയായ അവാമി ലീഗ് മേധാവി തന്റെ അവാമി ലീഗ് അനുയായികൾക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ, ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയും രാജ്യത്തെ കുഴപ്പങ്ങൾക്ക് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും പുറത്തുവരുന്ന വിധിയെ ശ്രദ്ധിക്കുന്നില്ലെന്നും ഹസീന പ്രതികരിച്ചു. തന്റെ പാർട്ടിയെ ഇല്ലായ്മ ചെയ്യാനാണ് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ ശ്രമമെന്നും എന്നാൽ അത് അവർ കരുതും പോലെ എളുപ്പമല്ലെന്നും ഓഡിയോ സന്ദേശത്തിൽ ഹസീന പറയുന്നു. തന്റെ പാർട്ടി താഴേത്തട്ടിൽ നിന്നും വളർന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റിൽനിന്നും വന്നതല്ലെന്നു യൂനുസിനെ സൂചിപ്പിച്ച് ഹസീന പറഞ്ഞു. അവർ എന്ത് വിധി വേണമെങ്കിലും പ്രഖ്യാപിക്കട്ടെ. അത് എനിക്ക് പ്രശ്നമല്ല. എനിക്ക് ഈ ജീവിതം നൽകിയത് അല്ലാഹുവാണ്, അവന് മാത്രമേ ഇത് അവസാനിപ്പിക്കാൻ കഴിയൂ. ഞാൻ ഇനിയും എന്റെ ജനങ്ങളെ സേവിക്കും’ഞാൻ ജീവിച്ചിരിപ്പുണ്ട്, വീണ്ടും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും, ബംഗ്ലദേശിന്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും…ഞാൻ എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും’ – സന്ദേശത്തിൽ ഹസീന പറഞ്ഞു.
ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം ഡൽഹിയിൽ തുടരുന്ന ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. അവരുടെയും സഹപ്രതിയും മുൻ ആഭ്യന്തര മന്ത്രിയുമായ അസദുസ്സമാൻ ഖാൻ കമാലിന്റെയും അസാന്നിധ്യ വിചാരണയാണ് നടന്നത്. കേസ് പരിഗണിച്ച കോടതി ധാക്കയിലെ വിചാരണയിൽ പങ്കെടുക്കാൻ ഹസീനയോട് ഉത്തരവിട്ടെങ്കിലും അവർ സമൻസ് നിരസിച്ചു.









Discussion about this post