ചെന്നൈ: ബിജെപിയുടെ ബൂത്ത് ഏജന്റായ എസ് മണികണ്ഠൻ ഈറോഡിൽ നിന്നാണ് പ്രധാനമന്ത്രിയെ കാണാൻ ചെന്നൈയിലേക്ക് എത്തിയത്. നേരിട്ട് ഒന്ന് കാണുക മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ ആ കൂടിക്കാഴ്ച മണികണ്ഠന് ഒരിക്കലും മറക്കാനാകാത്ത അനുഭവമാക്കിയാണ് നരേന്ദ്രമോദി മടങ്ങിയത്. മണികണ്ഠനെ കണ്ട വിവരം ചിത്രം സഹിതം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.
സ്‌പെഷൽ സെൽഫിയെന്ന ക്യാപ്ഷനോടെയാണ് പ്രധാനമന്ത്രി മണികണ്ഠനൊപ്പം സെൽഫിയെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. മണികണ്ഠന്റെ ഫോൺ വാങ്ങി പ്രധാനമന്ത്രിയാണ് സെൽഫി പകർത്തിയത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് പരിപാടിക്ക് ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു മണികണ്ഠനെ പ്രധാനമന്ത്രി കണ്ടത്.
ദിവ്യാംഗനായ മണികണ്ഠൻ സ്വന്തം പരിമിതികളെ അതിജീവിച്ചാണ് കേന്ദ്രസർക്കാർ പദ്ധതികൾ ഉൾപ്പെടെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി 200 ലധികം പേരിലേക്ക് മണികണ്ഠൻ എത്തിച്ചത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ 2020 സെപ്തംബറിൽ ട്വീറ്റ് ചെയ്തിരുന്നു.
സ്വന്തമായി കട നടത്തുന്ന മണികണ്ഠൻ നിത്യവരുമാനത്തിന്റെ ഒരു ഭാഗം പാർട്ടിക്കായി സംഭാവന ചെയ്യുന്ന കാര്യവും പ്രധാനമന്ത്രി കുറിച്ചു. മണികണ്ഠനെപ്പോലുളളവർ പ്രവർത്തിക്കുന്ന ഒരു പാർട്ടിയിൽ കാര്യകർത്താവായി പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
മണിക്ണഠന്റെ ജീവിതയാത്രയും പാർട്ടിയോടും അതിന്റെ ആശയത്തോടുമുളള പ്രതിബദ്ധതയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ ഭാവി പരിപാടികൾക്ക് ആശംസകൾ നേരാനും പ്രധാനമന്ത്രി മറന്നില്ല.
ഒരു പാർട്ടി യോഗങ്ങൾ പോലും മണികണ്ഠൻ ഒഴിവാക്കാറില്ലെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ കുറിച്ചു. മണികണ്ഠനെപ്പോലുളളവരാണ് കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ അടിസ്ഥാനതലത്തിൽ പ്രവർത്തിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും അണ്ണാമലൈ കുറിച്ചു.








