ഹൈദരാബാദ്: ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. ബംഗളൂരുവിൽ നിന്നും വരാണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 9ഇ897 വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം താഴെയിറക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
രാവിലെയോടെയായിരുന്നു സംഭവം. 137 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രികരുമായി ബംഗളൂരു വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിന് അൽപ്പനേരത്തിന് ശേഷം സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതോടെ തൊട്ടടുത്ത രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറക്കുകയായിരുന്നു.
സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു വിമാനത്തിൽ ഇവരെ വരാണാസിയിലേക്ക് അയച്ചു.








