കണ്ണൂർ: ആധുനിക കൃഷി രീതിയെക്കുറിച്ച് പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന് പണികൊടുക്കാൻ സർക്കാർ. ബിജുവിന്റെ വിസ റദ്ദാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇസ്രായേലിലെ ഇന്ത്യൻ എംബസിയുമായി സർക്കാർ ബന്ധപ്പെടും.
ഇന്ത്യൻ എംബസിയ്ക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനം. വിസ റദ്ദാക്കി ബിജുവിനെ കേരളത്തിലേക്ക് തന്നെ തിരിച്ച് അയക്കാൻ എംബസിയോട് സർക്കാർ ആവശ്യപ്പെടും. അതേസമയം ബിജു എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കൾക്കൊപ്പം ബിജു സുരക്ഷിതനാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സുഹൃത്തുക്കളെ നിരീക്ഷിച്ച് വരികയാണ്. ഇസ്രായേലിൽ എത്തിയ ശേഷം ബിജു നിരന്തരം ഇവിടുത്തെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുജിത്തിന്റെ മൊഴി. തൊഴിലിന് വേണ്ടിയാണ് ഇയാൾ തിരികെ മടങ്ങാതിരുന്നത് എന്ന സൂചനയും സുജിത്തിന്റെ മൊഴിയിൽ നിന്നും ലഭിക്കുന്നുണ്ട്.
ബിജുവിന്റെ തിരോധാനം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ഒരു തവണ മാത്രമാണ് കുടുംബവുമായി ബന്ധപ്പെട്ടത്. താൻ സുരക്ഷിതനാണെന്നായിരുന്നു ഇയാൾ ഭാര്യയോട് പറഞ്ഞത്. ഈ സാഹചര്യത്തിൽ അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ മാസം 12 നായിരുന്നു ബിജുവുൾപ്പെട്ട കർഷകരുടെ സംഘം ഇസ്രായേലിലേക്ക് പോയത്. തിരികെ മടങ്ങേണ്ടതിന്റെ തലേ ദിവസം ആയിരുന്നു ഇയാൾ സംഘത്തിൽ നിന്നും മുങ്ങിയത്.
Discussion about this post