എറണാകുളം; കൂടത്തായി കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് പ്രതി ജോളി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. തുറന്ന കോടതിയിൽ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കേസിൽ രഹസ്യവിചാരണയാണ് വിചാരണ കോടതി നിശ്ചയിച്ചിരിക്കുന്നത്.
പീഡന- ഭീകരവാദ കേസുകളിലാണ് രഹസ്യവിചാരണ നടത്തുകയെന്നും, തന്റേത് അത്തരമൊരു കേസല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. തന്റേത് കൊലപാതക കേസ് ആണ്. അതിനാൽ രഹസ്യവിചാരണ ആവശ്യമില്ല. തുറന്ന കോടതിയിൽ പരസ്യവിചാരണവേണമെന്നും ജോളി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന് പുറമേ കൊലപാതക കേസിൽ രഹസ്യവിചാരണ നടത്താൻ നിയമപ്രകാരം കഴിയുമെന്നും, സാക്ഷികൾക്ക് ഭയം കൂടാതെ കോടതിയിൽ എത്തി സത്യം ബോധിപ്പിക്കാൻ ഇത് അവസരം ഒരുക്കുമെന്ന് സർക്കാരും നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുൻപാകെയായിരുന്നു ജോളി ഹർജി സമർപ്പിച്ചത്. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നാണ് സൂചന.
Discussion about this post