ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ തന്നെ നടന്ന ഒരു സംഭവം, ഞെട്ടിപ്പിക്കുന്നതെങ്കിലും ഒരു കരുതലിന്റെ കഥ കൂടിയാണിത്. ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് രക്ഷകനായിരിക്കുകയാണ് ഒരു ലോക്കോപൈലറ്റ്. ബിഹാറിലെ മോതിഹാരിയിലാണ് സംഭവം. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ മുസാഫര്‍പൂര്‍- നര്‍കതിയാഗഞ്ച് സെക്ഷനിലെ ചകിയ റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സെപ്തംബര്‍ 10ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബാപുധാം മോത്തിഹാരി-പട്‌ലിപുത്ര പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് സ്‌കൂള്‍ ബാഗുമായി പാളത്തില്‍ കിടക്കുന്ന പെണ്‍കുട്ടിയെ ലോക്കോ പൈലറ്റ് അരുണ്‍ കുമാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹം എമര്‍ജന്‍സി ബ്രേക്ക് അമര്‍ത്തി ട്രെയിന്‍ നിര്‍ത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
ട്രെയിന്‍ നിര്‍ത്തി അദ്ദേഹം ഉടന്‍ പെണ്‍കുട്ടിക്ക് അരികിലേക്ക് ഓടിയെത്തി. ലോക്കോ പൈലറ്റ് പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പെണ്‍കുട്ടി അനങ്ങിയില്ല. തനിക്ക് മരിക്കണം എന്ന് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ലോക്കോപൈലറ്റ് ബലമായി ട്രാക്കില്‍ നിന്ന് മാറ്റി.
അരുണ്‍കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ബാപുധാം മോതിഹാരി സ്റ്റേഷന്‍ സൂപ്രണ്ട് ദിലീപ് കുമാര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്തെന്ന് വ്യക്തമല്ല. എന്തായാലും അരുണ്‍കുമാറിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്.
Discussion about this post