പത്ത് വര്‍ഷം മുമ്പ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ സൂചനകള്‍ പുറത്ത്. 239 ആളുകളുമായി മറഞ്ഞ ഈ വിമാനം 2014ല്‍ ക്വാലലംപൂരില്‍ നിന്നാണ് യാത്രതിരിച്ചത്. പിന്നീട് കാലങ്ങള്‍ നീണ്ടു നിന്ന വന്‍തിരച്ചിലാണ് ഇതിനായി നടത്തിയത്. ഇന്ത്യന്‍മഹാസമുദ്രത്തിലെ ബ്രോക്കണ്‍ റിഡ്ജ് എന്ന് പേരുള്ള 20000 അടി താഴ്ചയിലുള്ള പടുകുഴിയില്‍ വിമാനം തകര്‍ന്നു കിടക്കുന്നെന്നാണ് പുതിയ സിദ്ധാന്തം. ടാസ്മാനിയ സര്‍വകലാശാലയുടെ മറൈന്‍, അന്റാര്‍ട്ടിക് സ്റ്റഡീസ് വിഭാഗം ഗവേഷകനായ ലിന്‍ ആണ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
2014 മാര്‍ച്ച് 8..രാത്രിയിലാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ചൈനയിലെ ബെയ്ജിങിലേക്ക് യാത്ര തുടങ്ങിയത്. സാഹറി അഹമ്മദ് ഷാ എന്ന പ്രഗത്ഭനായ പൈലറ്റായിരുന്നു ഈ വിമാനം നിയന്ത്രിച്ചിരുന്നത്. ഒരു ഉപ പൈലറ്റും 10 ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരും 227 യാത്രക്കാരുമുണ്ടായിരുന്നു. ആകെ 239 പേര്‍. ഇതില്‍ 5 ഇന്ത്യക്കാരുമുണ്ടായിരുന്നു. അര്‍ധരാത്രി ഒന്നോടെ 35,000 അടി വരെ പൊങ്ങിയ വിമാനം 1.07നു ക്വാലലംപുര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷനിലേക്കു സന്ദേശമയച്ചു.
എന്നാല്‍ പിന്നീട് വിമാനം വിയറ്റ്നാമീസ് വ്യോമമേഖലയുടെ സമീപമെത്തിയെങ്കിലും അവിടെ റിപ്പോര്‍ട്ടു നല്‍കിയില്ല. പൈലറ്റുമായി ബന്ധപ്പെടാനുള്ള വിയറ്റ്നാമീസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ശ്രമങ്ങളും നടന്നില്ല. മലേഷ്യയ്ക്കു കുറുകെ പറന്ന വിമാനം പിന്നീട് മലാക്ക കടലിടുക്കിന് അഭിമുഖമായും പിന്നീട് അവിടെ നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ആന്‍ഡമാന്‍ കടലിനു നേരെയുമാണു പറന്നതെന്ന് മലേഷ്യന്‍ സൈനിക റഡാറുകള്‍ കണ്ടെത്തി. 2.22നു സൈനിക റഡാറി ന്റെ പരിധിയില്‍നിന്നു വിമാനം കാണാതാവുകയായിരുന്നു.
Discussion about this post