വിവാഹമോചനത്തിന് പിന്നാലെ തന്റെ മുന്‍ഭാര്യയ്‌ക്കെതിരെ രംഗത്തുവന്ന് യുഎസ് സ്വദേശിയായ ഭര്‍ത്താവ് തന്റെ മൂന്ന് ലക്ഷം ഡോളര്‍(ഏകദേശം 2.49 കോടി രൂപ) വിലമതിക്കുന്ന വൈന്‍ ശേഖരം ഇവര്‍ നശിപ്പിച്ചെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. വൈന്‍ സംഭരിച്ചിരുന്ന തന്റെ സ്‌കൈ ഹൗസിലേക്കുള്ള വൈദ്യുതി ബന്ധം മുന്‍ഭാര്യ വിച്ഛേദിച്ചതായും തുടര്‍ന്ന് 400 കുപ്പി വൈന്‍ നശിച്ചുപോയതായും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി നല്‍കുന്ന സ്ഥാപനം യാതൊരു അറിയിപ്പൊന്നും നല്‍കാതെയാണ് തനിക്ക് വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്നും മുന്‍ഭാര്യയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2023 ജൂലൈയിലാണ് മൈക്കിള്‍ ക്ലാര്‍ക്കും കോണ്‍സറ്റയും വിവാഹമോചിതരായത്. 6200 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ സ്‌കൈ ഹൗസ് ഇവര്‍ക്കുണ്ടായിരുന്നു. ആറ് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളും രണ്ട് ഫയര്‍പ്ലെയ്സുകളും ഒരു ഗെയിം റൂം, ജിം, വെറ്റ് ബാര്‍, ഷെഫ് കിച്ചന്‍ എന്നിവയടങ്ങുന്ന 30 ലക്ഷം ഡോളറിന്റെ മൂല്യമുള്ളതായിരുന്നു ഈ വീട്. ഇവിടുത്തെ വൈന്‍ ശേഖരത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
വിവാഹമോചന സമയത്തെ വ്യവസ്ഥ അനുസരിച്ച് കരാര്‍ ഒപ്പിട്ട് ഒരു മാസത്തിനകം എല്ലാ വസ്തുക്കളുടെയും ഉടമസ്ഥാവകാശം കോണ്‍സറ്റ മൈക്കിളിന് കൈമാറേണ്ടിയിരുന്നു. ഇതിന്റെ ഭാഗമായി 2023 സെപ്റ്റംബര്‍ അഞ്ചിന് കോണ്‍സെറ്റ എന്‍വൈഎസ്ഇജിയില്‍ വിളിച്ച് അക്കൗണ്ടില്‍നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ നടപടിക്കിടെ അറിഞ്ഞോ അറിയാതെയോ മൈക്കിളിന്റെ പേരും കോണ്‍സെറ്റ നീക്കം ചെയ്തതായി പരാതിയില്‍ വ്യക്തമാക്കി.
”മൈക്കിളിനെ കോണ്‍സെറ്റ മനഃപൂര്‍വം ഉപദ്രവിച്ചു. അതിന്റെ ഫലമായി മൈക്കിളിന്റെ 2.49 കോടി രൂപ വിലമതിക്കുന്ന വൈന്‍ ശേഖരം നശിപ്പിക്കപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍സെറ്റ യാതൊരുവിധ ന്യായീകരണവും നടത്തിയിട്ടില്ല,” പരാതിയില്‍ പറയുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഇലക്ട്രിക് ആന്‍ഡ് ഗ്യാസ് സേവന(എന്‍വൈഎസ്ഇജി) അക്കൗണ്ടില്‍ നിന്ന് കോണ്‍സെറ്റ തന്റെ പേര് അറിഞ്ഞോ അറിയാതെയോ നീക്കം ചെയ്തന്നെും മൈക്കിള്‍ പറഞ്ഞു.
ആഴ്ചകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയത്തിയപ്പോള്‍ വൈന്‍ ശേഖരിച്ച വീട്ടിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിച്ചിരിക്കുന്നതായി മൈക്കിള്‍ കണ്ടെത്തി. ഇവിടെ 400ലേറെ കുപ്പി വൈന്‍ സംഭരിച്ചിരിക്കുന്നതായി കോണ്‍സറ്റയ്ക്ക് അറിയാമായിരുന്നു. ശീതീകരിച്ച അന്തരീക്ഷത്തിലാണ് വൈനുകള്‍ സൂക്ഷിച്ചിരുന്നത്. ഇതിന് വൈദ്യുതി ആവശ്യമായിരുന്നു.
തന്റെ വൈന്‍ ശേഖരം നശിപ്പിച്ചത് കോണ്‍സെറ്റയാണെന്ന് മൈക്കിളിന്റെ പരാതിയില്‍ പറയുന്നു. വൈദ്യുതി നിലച്ചതോടെ മുറിയിലെ താപനില വര്‍ധിക്കുകയും അത് നശിച്ചുപോകുകയുമായിരുന്നുവെന്ന് മൈക്കിള്‍ വ്യക്തമാക്കി. പലിശയും നിയമനടപടിക്കാവശ്യമായ ചെലവും സഹിതം 4.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മൈക്കിള്‍ ആവശ്യപ്പെട്ടു.
Discussion about this post