ജയ്പൂർ: ഇന്തോ-പാക് അതിർത്തിയ്ക്ക് സമീപത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ പിടികൂടി ബിഎസ്എഫ്. രാജസ്ഥാനിലെ ഷാഹ്ഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എഫ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ചന്ദ്രപാൽ ഉമറാണ് പിടിയിൽ ആയതെന്നാണ് ബിഎസ്എഫ് അറിയിക്കുന്നത്. ഇന്നലെ രാത്രി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ് സംഘം. ഇതിനിടെ അതിർത്തിയിലെ നിരോധിത മേഖലയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സൂക്ഷ്മമായി നടത്തിയ നിരീക്ഷണത്തിൽ ആരോ മേഖലയിലേക്ക് അതിക്രമിച്ച് കടന്നതാണെന്ന് കണ്ടെത്തി. ഉടൻ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പരം വിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകിയത്. ഇതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ പറഞ്ഞ പേരുൾപ്പെടെ വ്യാജമാണെന്നാണ് സംശയിക്കുന്നത്.









