മാഞ്ചസ്റ്റർ : മാരത്തണിൽ സാരിയുടുത്ത് ഓട്ടം പൂർത്തിയാക്കി ഇന്ത്യൻ വനിത. മാഞ്ചസ്റ്ററിൽ നടന്ന മാരത്തണിലാണ് സാരിയുടുത്ത് ഓടി മധുസ്മിത ജെന എന്ന ഒഡിഷ സ്വദേശിനി ശ്രദ്ധേയയായത്.നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് നാല്പത്തിയൊന്നുകാരിയായ മധുസ്മിത ജെന മാരത്തൺ പൂർത്തിയാക്കിയത്. മാഞ്ചസ്റ്ററിലെ ഹൈസ്കൂൾ അധ്യാപികയായ അവർ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഡിയ കമ്മ്യൂണിറ്റിയിലെ സജീവ അംഗമാണ്.
ലോകമെമ്പാടുമുള്ള നിരവധി മാരത്തണുകളിലും മധുസ്മിത പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് മധുസ്മിത സാരി ധരിച്ച് മാരത്തണിൽ പങ്കെടുക്കുന്നത്. സാരി ധരിച്ച് മാരത്തൺ ഓടിയ ഒരേയൊരു വ്യക്തി താൻ മാത്രമാണ്. ഇത്രയും നേരം ഓടുക എന്നത് വളരെ ബുദ്ധിമുട്ടാണ്, എന്നാൽ സാരിയുടുത്ത് മാരത്തൺ ഓടുന്നത് അതിലും ബുദ്ധിമുട്ടാണ്. നാല് മണിക്കൂർ അൻപത് മിനുട്ട് കൊണ്ട് മുഴുവൻ ദൂരം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് മധുസ്മിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിത്യേന സാരി ധരിക്കുന്ന അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നുമാണ് തനിക്ക് പ്രചോദനം ലഭിച്ചത്.. “സ്ത്രീകൾക്ക് സാരി ധരിച്ച് ഓടാൻ കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു, പക്ഷേ സംബാൽപുരി കൈത്തറി സാരി ഉടുത്ത് മാരത്തൺ പൂർത്തിയാക്കി ഞാൻ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചു“ മധുസ്മിത പറഞ്ഞു. കഴിഞ്ഞ വർഷം ഒഡീഷ സൊസൈറ്റി ഓഫ് യുകെ കൺവെൻഷനിൽ കായിക മികവിന് മധുസ്മിത ആദരിക്കപ്പെട്ടിരുന്നു.
Discussion about this post