ന്യൂഡൽഹി : സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കാനുള്ള മത്സര പരീക്ഷ ഇനി മലയാളത്തിലുമെഴുതാം. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക ഭാഷ വികസനത്തിന് പിന്തുണ നൽകുക എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് തീരുമാനം കരുത്തു പകരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 ഭാഷകളിലാണ് മത്സര പരീക്ഷ എഴുതാനാകുക. ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാഠി, മലയാളം, കന്നഡ, തമിഴ്, തെലുഗു, ഒഡിയ, ഉർദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി ഭാഷകളാണ് പരീക്ഷയ്ക്കുള്ള മാദ്ധ്യമമായി ഉപയോഗിക്കുക. മാതൃഭാഷയിൽ പരീക്ഷയെഴുതാൻ കഴിയുന്നതോടെ കൂടുതൽ യുവാക്കൾ പോലീസ് സേനയിൽ ചേരുമെന്ന് കരുതുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് കേന്ദ്രസർവീസിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷകൾ നടത്തുന്നത്. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. സ്വപ്നങ്ങൾ സഫലമാക്കാൻ ഭാഷ ഒരു തടസ്സമാകരുതെന്ന സർക്കാരിന്റെ ലക്ഷ്യത്തിന് ഈ തീരുമാനം ശക്തിപകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
അസം റൈഫിൾസ് ( AR), ബോർഡർ സ്ർക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ് (CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP), നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG), സശസ്ത്ര സീമ ബൽ (SSB) എന്നിവയാണ് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിന്റെ കീഴിലുള്ള വിവിധ സേനകൾ.









