ഹൈദരാബാദ്: സെക്കന്ദരാബാദ് -തിരുപ്പതി വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ 12 ാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ആണിത്. തെലങ്കാനയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും.
തിരുപ്പതിയിലെത്തുന്ന സന്ദർശകരെയും വിശ്വാസികളെയും സെക്കന്ദരാബാദിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് സർവ്വീസ്. 660 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് ട്രെയിൻ സഞ്ചരിക്കുക. എട്ടര മണിക്കൂർ കൊണ്ട് ഓടിയെത്തും. രാവിലെ 11.30 നാണ് ട്രെയിൻ സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടുക. ആറ് സ്‌റ്റോപ്പുകളാണ് ഉളളത്. രാത്രി 9 മണിയോടെ തിരുപ്പതിയിലെത്തും.
1680 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ കാറ്ററിങ് ഫീസായ 364 രൂപ ഓപ്ഷണൽ ആണ്. എക്‌സിക്യൂട്ടീവ് ക്ലാസിലെ നിരക്ക് 3080 രൂപയാണ്. ഇതിൽ 419 രൂപയാണ് കാറ്ററിങ് ഫീസ്. ആഴ്ചയിൽ ആറ് ദിവസവും സർവ്വീസ് നടത്തും. ചൊവ്വാഴ്ച സർവ്വീസ് ഉണ്ടാകില്ല.
നൽഗോണ്ട, ഗുണ്ടൂർ, ഓങ്കോലെ, നെല്ലൂർ സ്‌റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം വന്ദേഭാരത് എക്‌സ്പ്രസിൽ കയറിയ അദ്ദേഹം കുട്ടികൾ ഉൾപ്പെടെയുളളവരുമായി ആശയവിനിമയം നടത്തി.








