അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ടീമിനൊപ്പം ദേശീയഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം മുഴങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയും ടീം ഇന്ത്യയ്‌ക്കൊപ്പം ചേർന്ന് ഏറ്റുപാടിയത്. ബിസിസിഐ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വലിയ ആഘോഷത്തോടെ ഏറ്റെടുത്തു.
ദേശീയഗാനം അവസാനിച്ചതോടെ ഗ്രൗണ്ടിൽ കൈയ്യടി ഉയർന്നു. കേന്ദ്ര യുവജന ക്ഷേമകാര്യമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുളളവർ പ്രധാനമന്ത്രി ടീമിനൊപ്പം ദേശീയഗാനം ആലപിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് നരേന്ദ്രമോദി മത്സരം കാണാൻ എത്തിയത്. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിൽ ഇരുവരും സ്റ്റേഡിയം ചുറ്റി കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടീം ക്യാപ്റ്റ്ൻ രോഹിത് ശർമ്മയ്ക്കുളള ക്യാപ്റ്റൻ ക്യാപ്പ് നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ക്യാപ്പ് ആന്റണി ആൽബനീസുമാണ് കൈമാറിയത്. ഓസ്‌ട്രേലിയയുമായുളള ക്രിക്കറ്റ്‌സൗഹൃദത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് ഇരുപ്രധാനമന്ത്രിമാരും മത്സരം കാണാൻ നേരിട്ട് എത്തിയത്.
Discussion about this post