ടി20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ്ണ ആധിപത്യം തുടരുമ്പോഴും, യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ വലിയ ആശങ്കയായി മാറുന്നു. ബുധനാഴ്ച അഹമ്മദാബാദിൽ നെതർലൻഡ്‌സിനെതിരെ നടന്ന മത്സരത്തിൽ താരം വീണ്ടും പൂജ്യത്തിന് പുറത്തായതോടെ ചില അനാവശ്യ റെക്കോർഡുകളും അഭിഷേകിന്റെ പേരിലായി.
ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് ഇത് കറുത്ത ദിനങ്ങളുടെ ലോകകപ്പാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ താരം ഇതുവരെ ടൂർണമെന്റിൽ അക്കൗണ്ട് തുറന്നിട്ടില്ല. യുഎസ്എ, പാകിസ്ഥാൻ എന്നിവർക്ക് പിന്നാലെ നെതർലൻഡ്‌സിനെതിരെയും അഭിഷേക് പൂജ്യത്തിന് പുറത്തായി. ആര്യൻ ദത്തിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം മടങ്ങിയത്.
ഒരു കലണ്ടർ വർഷം ടി20യിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരം എന്ന സഞ്ജു സാംസണിന്റെ (2024-ൽ 5 തവണ) റെക്കോർഡിനൊപ്പം അഭിഷേക് എത്തി. 2026-ൽ മാത്രം അഞ്ച് തവണ പൂജ്യത്തിന് പുറത്തായതോടെ,സയ്യിം ആയൂബ് (6 തവണ, 2025) കഴിഞ്ഞാൽ ഒരു വർഷം ഏറ്റവും കൂടുതൽ ഡക്കുകൾ വഴങ്ങുന്ന രണ്ടാമത്തെ ഓപ്പണറായി അഭിഷേക് മാറി.
വലിയ പോരാട്ടങ്ങൾ ഇന്ത്യയെ കാത്തിരിക്കുമ്പോൾ താരത്തിന്റെ ഈ മോശം ഫോം ഇന്ത്യക്ക് ആശങ്ക തന്നെയാണ്. ഇടം- വലം ഓപ്പണിങ് ആണ് ഇന്ത്യക്ക് സൂപ്പർ 8 ൽ നല്ലതെന്നും സഞ്ജുവിനെ തന്നെ ഇഷാനൊപ്പം ഓപ്പണിങ്ങിൽ അയക്കണം എന്ന ആവശ്യവും ശക്തമാകുകയാണ്. എന്തായാലും സൂപ്പർ 8 പടിവാതിലിൽ നിൽക്കെ ഇന്ത്യ ഇനി എന്ത് പരീക്ഷണം ഇന്ത്യ നടത്തും എന്നതാണ് കണ്ടറിയേണ്ടത്.












