ടി20 ലോകകപ്പ് 2026-ന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നത് ഒരേയൊരു കാര്യമാണ്—ഇത് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഇന്ത്യൻ ടി20 നിരയാണ്. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ ഇന്ത്യ, ഓരോ കളിയിലും ഓരോ പുതിയ ‘മാച്ച് വിന്നറെ’ സമ്മാനിച്ചുകൊണ്ട് തങ്ങളുടെ അജയ്യമായ കുതിപ്പ് തുടരുകയാണ്.
വ്യക്തിഗത മികവിനേക്കാളുപരി ഒരു ‘ടീം യൂണിറ്റ്’ എന്ന നിലയിൽ ഇന്ത്യ എത്രത്തോളം അപകടകാരികളാണെന്ന് ഈ ലോകകപ്പ് തെളിയിക്കുന്നു. ഒരു താരം പരാജയപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റൊരു താരം ഉദിച്ചുയരുന്ന കാഴ്ചയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഉടനീളം കണ്ടത്.
സൂര്യകുമാർ യാദവ് (vs യുഎസ്എ): ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ ബാറ്റിംഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് സൂര്യകുമാർ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.
ഹർദിക് പാണ്ഡ്യ (vs നമീബിയ): നമീബിയക്കെതിരായ രണ്ടാം മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാണ് (52 റൺസ് & 2 വിക്കറ്റ്) ഹർദിക് ഹീറോയായത്.
ഇഷാൻ കിഷൻ (vs പാകിസ്ഥാൻ): പാകിസ്ഥാനെതിരായ ഹൈ-വോൾട്ടേജ് പോരാട്ടത്തിൽ 40 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ പാക് പടയെ നിഷ്പ്രഭമാക്കി പുരസ്കാരം നേടി.
ശിവം ദുബെ (vs നെതർലാൻഡ്സ്): ഇന്നലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ വെടിക്കെട്ട് സിക്സറുകളുമായി കളം നിറഞ്ഞ ശിവം ദുബെയാണ് നാലാമത്തെ മാച്ച് വിന്നർ. താരം 31 പന്തിൽ 66 റൺസ് നേടുകയും രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.
പല മുൻ താരങ്ങളും നിരീക്ഷിക്കുന്നത് പ്രകാരം, ഈ ഇന്ത്യൻ ടീം 2007-ലെ കിരീടം നേടിയ ടീമിനേക്കാളും 2024-ലെ ചാമ്പ്യന്മാരേക്കാളും സന്തുലിതമാണ്. ബാറ്റിംഗ് നിരയിൽ ഓപ്പണർമാർ മുതൽ എട്ടാം നമ്പറിൽ ഇറങ്ങുന്ന അക്സർ പട്ടേൽ വരെ മാച്ച് വിന്നർമാരാണ്. ബൗളിംഗിലാകട്ടെ ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവർ എതിരാളികളുടെ ഉറക്കം കെടുത്തുന്നു. ഐസിസി ടൂർണമെന്റുകളിൽ അവസാനം കളിച്ച 29 മത്സരങ്ങളിൽ ഇന്ത്യ 27 മത്സരത്തിലും ജയിച്ചു നിൽക്കുകയാണ്.












