ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍ മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. സെപ്റ്റംബര്‍ 11 നായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടായതോടെ ആംബുലന്‍സ് എത്തുന്നതുവരെ ഭാര്യ അന്ന സിപിആര്‍ തുടര്‍ന്നതായി ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്ടറിലാണ് യെഫിംചിക്കിനെ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവിന്റെ അരികത്ത് തന്നെ അദ്ദേഹത്തിന്റെ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങാനായി പ്രതീക്ഷയോടെ താന്‍ കാത്തിരുന്നെന്നും എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചതായും അന്ന പറഞ്ഞു. അനുശോചനമറിയിച്ചവര്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും അന്ന നന്ദിയും അറിയിച്ചു.
പ്രൊഫഷണല്‍ ഇവന്റുകളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും സാമൂഹികമാധ്്യമങ്ങളില്‍ നിരവധി ആരാധകര്‍ യെഫിംചിക്കിനുണ്ടായിരുന്നു. സാധാരണമനുഷ്യന് സാധ്യമാകുന്നതിനപ്പുറമുള്ള യെഫിംചിക്കിന്റെ ‘ശാരീരികപരീക്ഷണങ്ങളുടെ’ വീഡിയോകള്‍ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു ‘ദ മ്യൂട്ടന്റ്’ (The Mutant) എന്നായിരുന്നു യെഫിംചിക് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
ദിവസേന ഏഴ് നേരം കഴിക്കുന്ന ഭക്ഷണം കഴിക്കുന്ന ഇദ്ദേഹം യെഫിംചിക് 16,500 കാലറി ഉള്ളിലാക്കിയിരുന്നതായി ഒരിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ ‘ആകാരസൗഷ്ഠവം’ കാത്തുസൂക്ഷിക്കുന്നതിനായിരുന്നു അത്. ഇതിനായി രണ്ടരക്കിലോ ബീഫും 108 കഷണം സുഷിയും ഈ ബോഡി ബില്‍ഡര്‍ കഴിച്ചിരുന്നു. ആറടി ഉയരക്കാരനായ ഇദ്ദേഹത്തിന് 150 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 61 ഇഞ്ച് നെഞ്ചളവും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്, ദുബായ്, യു.എസ്. എന്നീ സ്ഥലങ്ങളിലാണ് യെഫിംചിക്ക് താമസിച്ചിരുന്നത്.
Discussion about this post