തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന് മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുകേഷിനു ജാമ്യം അനുവദിച്ചത്.
നടന് ഇടവേള ബാബുവിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ഈ ജാമ്യ ഉത്തരവെന്നും, 15 വര്‍ഷം മുന്‍പുള്ള സംഭവമാണെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണു കോടതി മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ ഹാജരാവണം, ഈ ദിവസങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകാവുന്നതാണ്, കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോവരുത് തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.
മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള വാദത്തില്‍ അതിജീവിത മുകേഷിന് അയച്ച ഇ-മെയിലും സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത് 15 വര്‍ഷം മുന്‍പാണ്. അതിനു ശേഷം അയച്ച സന്ദേശങ്ങളാണ് ഹാജരാക്കിയത്. പരാതിക്കാരിക്കു പ്രതിയോട് അങ്ങേയറ്റം ബഹുമാനവും സൗഹൃദവുമുണ്ടെന്നതിനു തെളിവാണ് ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇടത് എംഎല്‍എ കൂടിയായ മുകേഷ് പ്രതികരിച്ചിരുന്നു. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. വൈകി ആണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുകേഷിന്റെ പ്രതികരണം.
Discussion about this post